

അബുദാബില്‍ റോബോട്ട് ടാക്‌സികളുടെ സേവനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍. അധികം വൈകാതെ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങള്‍ ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിലാണ്. 2040 ഓടെ അബുദാബിയിലെ 25 ശതമാനവും യാത്രകളും ഓട്ടോണമസ് വാഹനങ്ങളിലേക്ക് മാറ്റാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
അബുദാബിയിലെ ഖലീഫ സിറ്റി, മസ്ദര്‍, റബ്ദാന്‍ എന്നിവിടങ്ങളിലേക്ക് കൂടി റോബോട്ട് ടാക്‌സികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏഴാമത് ഓട്ടോണമസ് സിസ്റ്റംസ് എക്സിബിഷന്‍, സിമുലേഷന്‍ ആന്‍ഡ് ട്രെയിനിംഗ് എക്സിബിഷന്‍ എന്നിവയുടെ ഭാഗമായിട്ടായിരുന്നു സുപ്രധാന പ്രഖ്യാപനം.
യാസ്, അല്‍ സാദിയാത്ത്, അല്‍ റീം, അല്‍ മരിയ ദ്വീപുകള്‍, സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ നടന്നുവരുന്ന പരീക്ഷണം വിജയമായതിന് പിന്നാലെയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുളള തീരുമാനം. എമിറേറ്റിലെ താമസക്കാക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം സുഗമമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം.
അംഗീകൃത പെര്‍മിറ്റുകള്‍ക്ക് അനുസൃതമായി, പ്രാദേശിക ഓപ്പറേറ്ററായ തവാസുള്‍ ട്രാന്‍സ്‌പോര്‍ട്ടുമായി സഹകരിച്ച് വീറൈഡും ഊബറും ആകും വാണിജ്യാടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ടാത്സികളുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക. സ്മാര്‍ട്ട് മൊബിലിറ്റി ശൃംഖല ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര ഗതാഗത ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കി.
ഗതാഗത ശൃംഖല വിപുലീകരിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. അധികം വൈകാതെ റോബോടാക്‌സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലിറക്കാനുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അബുദാബിയില്‍ പുരോഗമിക്കുന്നത്. ആളുകള്‍ ബുക്ക് ചെയ്യുന്നതനുസരിച്ച് നിശ്ചിത സ്ഥലങ്ങളില്‍ എത്തുന്ന ഡ്രൈവറില്ലാ ടാക്‌സികള്‍ യാത്രക്കാരന്‍ കയറിയാല്‍ ഉടന്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ന്യൂതന ക്യാമറകളും സെന്‍സറുകളും ഉപയോഗിച്ച് മറ്റ് വാഹനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് തിരക്കേറിയ റോഡിലൂടെ സുരക്ഷിതമായി മൂന്നോട്ട് പോകാന്‍ വാഹനങ്ങള്‍ക്ക് കഴിയും.
Content Highlights: Abu Dhabi has decided to expand its robot taxi service to more areas as part of its smart city and advanced mobility plans. Authorities are working to enhance driverless transportation systems across the emirate. The expansion will allow more residents to access autonomous taxi services, making travel more convenient and efficient. Safety standards and technical systems are being strengthened as part of the rollout.