

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം കോർട്ട് റൂം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങിയത്. വിജയമോഹൻ എന്ന വക്കീൽ കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രം ചെറിയ ഇടവേളയ്ക്ക് ശേഷം നടന് വിജയം സമ്മാനിച്ച ചിത്രം കൂടിയായിരുന്നു.
നേര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ശാന്തി മായാദേവി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. നേര് ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണെന്നും ശാന്തി പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നേരിനെ കുറിച്ച് ശാന്തി സംസാരിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആലോചനകൾ നടന്നെങ്കിലും അവ ഫലപ്രദമായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

'തിരക്കഥാകൃത്തെന്ന നിലയിൽ എനിക്ക് ആത്മവിശ്വാസം തന്ന സിനിമയാണു നേര്. രണ്ടാം ഭാഗത്തിനായി ചില ചർച്ചകൾ നടന്നിരുന്നു. പക്ഷേ, നല്ലൊരു കഥയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. നേര് ഹിന്ദിയിലേക്കു റീമേക്ക് ചെയ്യുന്നുണ്ട്. ജീത്തു സാറാണ് അതും സംവിധാനം ചെയ്യുന്നത്. ആ പ്രൊജക്ട് ഏറെക്കുറെ ആയിട്ടുണ്ട്,' ശാന്തി മായാദേവി പറഞ്ഞു.

മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ചും അഭിമുഖത്തിൽ വെച്ച് ശാന്തി മായാദേവി സംസാരിക്കുന്നുണ്ട്. ലാലേട്ടനോട് കുട്ടിക്കാലം മുതലുള്ള ആരാധനയാണെന്ന് ശാന്തി പറയുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സിനിമകൾ ചെയ്‌തെങ്കിലും ഇപ്പോഴും കാണുമ്പോൾ അത്ഭുതം തന്നെയാണെന്നും അവർ പറഞ്ഞു.
'കുട്ടിക്കാലത്തു കിലുക്കം സിനിമ കണ്ടപ്പോൾ രേവതിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സാറിന്റ റാം എന്ന സിനിമയിൽ ചെറിയൊരു വേഷം കിട്ടി. 'റാമി'ന്റെ സെറ്റിൽ വച്ചാണു ലാലേട്ടനെ ആദ്യം കാണുന്നത്. കൊച്ചിയിൽ സീപോർട്ട്-എയർപോർട്ട് റോഡിൽ വച്ചായിരുന്നു ഷൂട്ടിങ്. ഒരു സാധാരണ പ്രേക്ഷകനു ലാലേട്ടനെ കാണുമ്പോൾ ഉള്ള അദ്ഭുതമില്ലേ? അതിനുശേഷം മൂന്ന് നാല് സിനിമകളിൽ ഒരുമിച്ചു ജോലി ചെയ്‌തെങ്കിലും ഇപ്പോഴും അതേ അദ്ഭുതം തന്നെയാണ്,' ശാന്തി പറഞ്ഞു.

മോഹൻലാലിനൊപ്പം നേരിലും ശാന്തി അഭിനയിച്ചിരുന്നു. അനശ്വര രാജനായിരുന്നു ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിച്ചത്. ജഗദീഷ്, സിദ്ദീഖ്, പ്രിയാമണി, ശങ്കർ ഇന്ദുചൂടൻ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ വേഷങ്ങളിൽ എത്തിയത്. 86 കോടിയോളം ആഗോള കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ മികച്ച വിജയങ്ങളിലൊന്നായും മാറിയിരുന്നു.
Content Highlights: Mohanlal's Neru movie to be remaked in Hindi, Jeethu Joseph is directing it, says santhi Mayadevi