വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യം; അഞ്ചാമത് എഡ്യൂക്കേഷണ്‍ ഇംപ്രൂവ്മെന്റ് സമ്മിറ്റിന് ഷാര്‍ജ വേദി

ഫെബ്രുവരി 14,15 തീയതികളിലാണ് പരിപാടി

വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യം; അഞ്ചാമത് എഡ്യൂക്കേഷണ്‍ ഇംപ്രൂവ്മെന്റ് സമ്മിറ്റിന് ഷാര്‍ജ വേദി
dot image

വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള അഞ്ചാമത് എഡ്യൂക്കേഷണ്‍ ഇംപ്രൂവ്മെന്റ് സമ്മിറ്റിന് ഷാര്‍ജ വേദിയാകും. ഫെബ്രുവരി 14,15 തീയതികളിലാണ് പരിപാടി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

കൊളാബറേറ്റിംഗ് ഫോര്‍ ഇംപാക്ട് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ എഡ്യൂക്കേഷണ്‍ ഇംപ്രൂവ്മെന്റ് സമ്മിറ്റ്. ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിക്ക് യൂണിവേഴ്സിറ്റി സിറ്റിയിലെ ഷാര്‍ജ എഡ്യൂക്കേഷന്‍ അക്കാദമിയാണ് വേദിയാവുക. വിദ്യാഭ്യാസ സംവാദത്തിനും പ്രൊഫഷണല്‍ പരിശീലനത്തിനുമുള്ള പ്രാദേശിക, അന്തര്‍ദേശീയ കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ പങ്ക് ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

എഡ്യൂക്കേറ്റേഴ്സ്, സ്‌കൂള്‍ ലീഡേഴ്സ്, പോളിസി മേക്കേഴ്സ്, പ്രാരംഭ വിദ്യാഭ്യാസത്തെക്കുറിച്ച് റിസേര്‍ച്ച് നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണ് അഞ്ചാം പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ആഗോളതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വേഗം ഉള്‍ക്കൊള്ളാന്‍ സമ്മിറ്റ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഫലപ്രദമായ സഹകരണത്തിനായി ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, പഠനത്തിലെ നൂതനാശയങ്ങള്‍, ശാക്തീകരണം എന്നീ മൂന്ന് മേഖലലകളെ കേന്ദ്രീകരിച്ചാകും പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക.

പങ്കാളിത്താധിഷ്ഠിത സ്‌കൂള്‍ പുരോഗതി, ഉയര്‍ന്നുവരുന്ന അധ്യാപന വിലയിരുത്തല്‍ സമീപനങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം തുടങ്ങിയ മേഖലകളിലും ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. ആഗോള വിദഗ്ധരുമായുള്ള നെറ്റ്‍വര്‍ക്കിംഗ് അവസരങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ മേഖലയിലെ നിര്‍മിത ബുദ്ധി, ഭാവിയിലെ കഴിവുകള്‍, തുല്യത, സ്‌കൂള്‍ മെച്ചപ്പെടുത്തല്‍ മാതൃകകള്‍ എന്നിവയെക്കുറിച്ചുള്ള മാസ്റ്റര്‍ക്ലാസുകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക വര്‍ക്ക്ഷോപ്പുകള്‍ എന്നിവയുമുണ്ടാകും. സഹകരണത്തിലും നവീകരണത്തിലും അധിഷ്ഠിതമായ ഒരു സംയോജിത ആവാസവ്യവസ്ഥ എന്ന നിലയില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഷാര്‍ജയുടെ കാഴ്ചപ്പാടാണ് ഉച്ചകോടിയുലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Sharjah is set to host the fifth Education Improvement Summit, focusing on advancing the education sector. The summit will bring together educators, policymakers, and experts to discuss strategies, innovation, and best practices aimed at improving educational standards and outcomes.

dot image
To advertise here,contact us
dot image