

യുഎഇയില്‍ തണുപ്പ് കൂടുതല്‍ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശൈത്യകാലത്തിന്റെ പുതിയ ഘട്ടമായ ശബാത്ത് സീസണ്‍ ആരംഭിച്ചതോടെയാണ് യുഎഇയില്‍ തണുപ്പ് ശക്തമാകുന്നത്.
അടുത്ത 26 ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കൂടുതല്‍ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഈ മാസം 15 മുതല്‍ തുടര്‍ന്നുള്ള എട്ട് ദിവസങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക. ഫെബ്രുവരി 10ഓടെ ശൈത്യത്തിന്റെ കാഠിന്യം കുറയുമെന്നും വിലയിരുത്തപ്പെടുന്നു. ഉള്‍പ്രദേശങ്ങളില്‍ പുലര്‍ച്ചെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഗദ്ധര്‍ അറിയിച്ചു. സൈബീരിയയിലും ആര്‍ട്ടിക് മേഖലയിലും നിന്നുള്ള തണുത്ത വായുപ്രവാഹം രാജ്യത്തേക്ക് എത്തുന്നതാണ് കാലാവലസ്ഥാ മാറ്റത്തിന് പ്രധാന കാരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞും ശക്തമാകും.
കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലതത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വാഹനം ഓടിക്കുന്നവര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ദുരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വേഗത കുറച്ചും കൂടുതല്‍ ശ്രദ്ധയോടെയും വാഹനം ഓടിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റോഡുകളിലെ വേഗപരിധിയിലെ മാറ്റങ്ങളും ശ്രദ്ധിക്കണം.
അതിനിടെ യുഎഇയുടെ തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥാ മാറ്റങ്ങള്‍ മനസിലാക്കാന്‍ ഔദ്യേഗിക അറിയിപ്പുകള്‍ പിന്‍തുടരണമെന്നും അധികൃതര്‍ പൊതുജനങ്ങളോട്
ആവശ്യപ്പെട്ടു.
Content Highlights: Cold weather is becoming more intense across the UAE, according to recent forecasts. Authorities have indicated a noticeable drop in temperatures, along with the possibility of rainfall in various parts of the country. Residents have been advised to stay updated on weather alerts as conditions continue to change.