

ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ രംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് പുതിയ നിയമവുമായി യുഎഇ ഭരണകൂടം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും ലൈസന്‍സിങ് നടപടികളിലുമുള്‍പ്പെടെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും മത്സരക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പുതിയ ദേശീയ പാഠ്യപദ്ധതി നിയമം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും ആജീവനാന്ത പഠനത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുടെയും ലൈസന്‍സിങ്, പ്രോഗ്രാം അക്രഡിറ്റേഷന്‍ എന്നിവ നിയന്ത്രിക്കുകയും സുഗമമായ ഭരണവും ഫലപ്രദമായ മാനേജ്മെന്റും ഉറപ്പാക്കാന്‍ കഴിയുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ അക്കാദമിക് പ്രോഗ്രാമുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം.
രാജ്യത്തുടനീളമുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കര്‍ശനമാകും. ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ ലോക്കല്‍ പെര്‍മിറ്റും മന്ത്രാലയത്തിന്റെ പ്രത്യേക ലൈസന്‍സും നിര്‍ബന്ധമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നല്‍കുന്നതിനും പ്രത്യേക അനുമതി നേടണം. വിദ്യാഭ്യാസ രംഗത്ത് ആഗോള തലത്തില്‍ യുഎഇയുടെ സ്ഥാനം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനും പുതിയ നിയമത്തിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: UAE issues new law to enhance quality and competitiveness of higher education