പുതുവർഷ ദിനത്തിൽ സൗജന്യ പാർക്കിങ്, ചില മേഖലകളിൽ ബാധകമല്ല; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

പുതുവർഷ അവധിക്കാലത്തെ സേവന സമയക്രമങ്ങൾ പുറത്തിറക്കിക്കൊണ്ടാണ് ആർടിഎ ഇക്കാര്യം വ്യക്തമാക്കിയത്

പുതുവർഷ ദിനത്തിൽ സൗജന്യ പാർക്കിങ്, ചില മേഖലകളിൽ ബാധകമല്ല; പ്രഖ്യാപനവുമായി ദുബായ് ആർടിഎ
dot image

പുതുവർഷ ദിനമായ 2026 ജനുവരി ഒന്നിന് ദുബായിലെ പൊതു പാർക്കിങ് സൗകര്യങ്ങൾ സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും. പുതുവർഷ അവധിക്കാലത്തെ സേവന സമയക്രമങ്ങൾ പുറത്തിറക്കിക്കൊണ്ടാണ് ആർടിഎ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ-100 റൂട്ട് ബസ് സർവീസുകൾ നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അവസാന ട്രിപ്പുകൾ അബുദാബിയിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്കും അൽ ഗുബൈബയിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും. ഈ സർവീസുകൾ 2026 ജനുവരി നാല് വരെ നിർത്തിവെക്കും.

ഡിസംബർ 31-ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അന്നേ ദിവസം അവസാനിക്കുന്നത് വരെ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് E102 സർവീസ് നടത്തുന്നതായിരിക്കും.

ദുബായ് മെട്രോ സർവീസുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുവർഷത്തലേന്നത്തെയും പുതുവത്സര ദിനത്തിലെയും യാത്രക്കാർക്കായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ തുടർച്ചയായി ഏകദേശം 43 മണിക്കൂർ സർവീസ് നടത്തും. 2025 ഡിസംബർ 31 ബുധനാഴ്ച രാവിലെ അഞ്ച് മണി മുതൽ 2026 ജനുവരി ഒന്ന് വ്യാഴാഴ്ച രാത്രി 11:59 വരെ യാതൊരു തടസവുമില്ലാതെ ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കും. ദുബായ് ട്രാം സർവീസുകൾ ഡിസംബർ 31 ബുധനാഴ്ച രാവിലെ ആറ് മണി മുതൽ ജനുവരി ഒന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും.

പുതുവർഷ അവധി പ്രമാണിച്ച് 2026 ജനുവരി ഒന്നിന് എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും അടച്ചിടും. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കും.

ആർടിഎയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും 2026 ജനുവരി ഒന്നിന് അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ, അൽ കിഫാഫ് എന്നിവിടങ്ങളിലെയും ആർടിഎ ആസ്ഥാനത്തെയും 'സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് ഏരിയകൾ' പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

Content Highlights: Dubai announces free public parking for New Year 2026

dot image
To advertise here,contact us
dot image