

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബായിലെ തൊഴിലാളികള്‍ക്കായി മെഗാ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ ഒരുങ്ങുന്നു. താമസകുടിയേറ്റ വകുപ്പും പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് തൊഴിലാളി സമൂഹത്തിനായി പുതുവര്‍ഷാഘോഷ പരിപാടികള്‍ ഒരുക്കുന്നത്.
നേരിട്ടുള്ള പങ്കാളിത്തവും വിര്‍ച്വല്‍ പങ്കാളിത്തവും ഉള്‍ക്കൊള്ളുന്ന ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് പുതുവര്‍ഷത്തലേന്ന് തൊഴിലാളികള്‍ക്കായി ആഘോഷ പരിപാടികള്‍ ഒരുക്കുന്നത്. അല്‍ഖൂസ് ആണ് പ്രധാന ആഘോഷ വേദി. ഇതിന് പുറമെ ജെബല്‍ അലി, മുഹൈസ്ന തുടങ്ങിയ തൊഴിലാളി കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ അറങ്ങേറും. 31ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ അര്‍ധരാത്രിവരെ തുടരും.
'ബ്ലൂ കണക്ട്' ആപ്ലിക്കേഷന്‍ വഴിയും ലൈവ് സ്ട്രീമിംഗിലൂടെയും ഡിജിറ്റല്‍ ഇടപെടലുകളിലൂടെയും തൊഴിലാളികള്‍ക്ക് ആഘോഷത്തില്‍ പങ്കാളികളാകാന്‍ സൗകര്യമുണ്ട്. സൗജന്യ രജിസ്‌ട്രേഷനിലൂടെ എല്ലാ ഇവന്റുകളിലും ആഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പുകളിലും പങ്കെടുക്കാം. അഞ്ച് ലക്ഷം ദിര്‍ഹത്തിലധികം മൂല്യമുള്ള വമ്പന്‍ സമ്മാനങ്ങളാണ് തൊഴിലാളികളെ കാത്തിരിക്കുന്നുണ്ട്.
നറുക്കെടുപ്പിലൂടെ ഭാഗ്യം തുണക്കുന്നവര്‍ക്ക് കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ ബാറുകള്‍, മൊബൈല്‍ ഫോണുകള്‍, യാത്രാ ടിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ആകര്‍ഷക സമ്മാനങ്ങള്‍ സ്വന്തമാക്കാം. സിനിമസംഗീത ലോകത്തെ പ്രമുഖര്‍ അണിനിരക്കുന്ന സ്റ്റേജ് ഷോകളും ആഘോഷത്തിന് മാറ്റ് കൂട്ടും. അന്താരാഷ്ട്ര നൃത്തസംഘങ്ങളുടെ ആവേശകരമായ പ്രകടനങ്ങളും വിവിധ രാജ്യങ്ങളുടെ നാടന്‍കലകളുടെ അവതരണങ്ങളും പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
Content Highlights: Dubai to welcome the new year with Mega New Year celebrations for workers