പുതുവർഷം ആഘോഷമാക്കാൻ ഷാർജ ഭരണകൂടം; വിവിധ കലാപരിപാടികൾ അരങ്ങേറും

സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക വെടിക്കെട്ടാണ് ഷാര്‍ജയിലെ ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനം.

പുതുവർഷം ആഘോഷമാക്കാൻ ഷാർജ ഭരണകൂടം; വിവിധ കലാപരിപാടികൾ അരങ്ങേറും
dot image

പുതുവത്സരം ആഘോഷമാക്കാന്‍ ഷാര്‍ജ ഭരണകൂടം. നിക്ഷേപവികസന അതോറിറ്റിയും കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡിവലപ്മെന്റ് അതോറിറ്റിയും ചേര്‍ന്ന് വിവിധ വിനോദകേന്ദ്രങ്ങളിലായി പ്രത്യേക കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക വെടിക്കെട്ടാണ് ഷാര്‍ജയിലെ ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനം.

അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, അല്‍ ഹീറ ബീച്ച്, ഖോര്‍ഫക്കാന്‍ ബീച്ച് എന്നിങ്ങനെ മൂന്നിടത്തായി 10 മിനിറ്റ് വീതം നീണ്ടുനില്‍ക്കുന്ന കരിമരുന്നു പ്രയോഗങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. രാത്രി എട്ടുമണി മുതല്‍ വിവിധ കലാപരിപാടികളും അരങ്ങേറും. മെലീഹ നാഷണല്‍പാര്‍ക്ക്, അല്‍നൂര്‍ ഐലന്‍ഡ്, അല്‍ മുന്‍തസ പാര്‍ക്ക്, ഷാര്‍ജ ബോട്ട്സ് തുടങ്ങി ഷാര്‍ജയിലെ മറ്റ് വിനോദകേന്ദ്രങ്ങളിലും പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന പ്രത്യേകപരിപാടികള്‍ സംഘടിപ്പിക്കും.

നഗരമധ്യത്തിലെ അല്‍മജാസ് വാട്ടര്‍ഫ്രണ്ടില്‍, ഖാലിദ് തടാകത്തിന്റെ കരയിലെ പുതുവര്‍ഷാഘോഷങ്ങള്‍ ഏറെ പ്രശസ്തമാണ്. ജലധാരയും കരിമരുന്നുപ്രയോഗവും തത്സമയകലാപരിപാടികളുമെല്ലാം സമ്മേളിക്കുന്ന ഇവിടത്തെ ആഘോഷങ്ങളില്‍ ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

Also Read:

കരയില്‍നിന്നുള്ള കാഴ്ചമാത്രം പോരാ എന്നുതോന്നുവര്‍ക്കായി ഖാലിദ് തടാകത്തിലൂടെയുള്ള പ്രത്യേക ബോട്ടുയാത്രയും ഇത്തവണയുണ്ട്. 10 പേരെ ഉള്‍ക്കൊള്ളാവുന്ന 12 ബോട്ടുകളാണ് ഇതിനായി സജ്ജമാക്കുന്നത്. രാത്രി 11.30 മുതല്‍ 12.15 വരെ, 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ബോട്ടുയാത്രയില്‍ ആകാശത്തെ വര്‍ണാഭമാക്കുന്ന കരിമരുന്ന് പ്രയോഗം അടുത്തുകാണാനാകും.

Content Highlights: Sharjah government to celebrate New Year

dot image
To advertise here,contact us
dot image