'10 ലക്ഷം നിക്ഷേപിച്ചാല്‍ 10 കോടിയായി തിരിച്ചുകിട്ടും'; ഇറിഡിയം തട്ടിപ്പിൽ കുടുങ്ങി കന്യാസ്ത്രീകളും പൂജാരിയും

നേരത്തെ റിസര്‍വ് പൊലീസിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്കും വനിതാ എസ്‌ഐയുടെ ഭര്‍ത്താവിനും പണം നഷ്ടമായിരുന്നു

'10 ലക്ഷം നിക്ഷേപിച്ചാല്‍ 10 കോടിയായി തിരിച്ചുകിട്ടും'; ഇറിഡിയം തട്ടിപ്പിൽ കുടുങ്ങി കന്യാസ്ത്രീകളും പൂജാരിയും
dot image

ആലപ്പുഴ: ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും. 10 ലക്ഷം രൂപ വീതം ഇടുക്കി, എറണാകുളം ജില്ലകളിലെ ആറു കന്യാസ്ത്രീകളില്‍ നിന്നായി വാങ്ങിയായിരുന്നു തട്ടിപ്പ്. 10 ലക്ഷം നിക്ഷേപിച്ചാല്‍ 10 കോടിയായി തിരിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘം പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്.

ഇത്തരത്തില്‍ മാവേലിക്കര സ്വദേശിയായ പൂജാരിയുടെ പക്കല്‍ നിന്ന് ഒരുകോടി രൂപയാണ് സംഘം കൈപ്പറ്റിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തിയ കൂട്ടായ്മകളില്‍ കന്യാസ്ത്രീകളെയും പൂജാരിയെയും പങ്കെടുപ്പിച്ചിരുന്നു. മലയോരമേഖലയില്‍ നിന്നുള്ള ഡിവൈഎസ്പി റാങ്കുള്ള ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പണം ഉടന്‍ കിട്ടുമെന്ന് തട്ടിപ്പിനിരയായവരെ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് വര്‍ഷങ്ങളായി കൂടെ നിര്‍ത്തിയിരുന്നത്. റിസര്‍വ് ബാങ്ക് വഴി പണം ലഭിക്കുമ്പോള്‍ ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് തുകയെത്തുമെന്നും പറഞ്ഞിരുന്നു. കേസുമായി പോയാല്‍ ഇത്രനാളും കാത്തിരുന്ന 10 കോടി രൂപ നഷ്ടപ്പെടുമെന്നും തട്ടിപ്പുകാര്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

സംസ്ഥാനത്ത് പല സംഘങ്ങളായാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഇറിഡിയം തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ കൂടുതലും നടത്തിയിട്ടുള്ളത് സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

തൃശ്ശൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തട്ടിപ്പുനടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

നേരത്തെ റിസര്‍വ് പൊലീസിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്കും വനിതാ എസ്‌ഐയുടെ ഭര്‍ത്താവിനും പണം നഷ്ടമായിരുന്നു. 25 ലക്ഷം രൂപയാണ് ഡിവൈഎസ്പിയില്‍ നിന്ന് സംഘം തട്ടിയെടുത്തത്. വനിതാ എസ്‌ഐയുടെ ഭര്‍ത്താവില്‍ നിന്ന് 10 ലക്ഷം രൂപയാണ് തട്ടിയത്.

ഡിവൈഎസ്പിയെ നിരവധി യോഗങ്ങളില്‍ സംഘം പങ്കെടുപ്പിച്ചിരുന്നു. അപ്പോഴെല്ലാം കോടികളാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കൊടുത്ത പണം പോലും തിരിച്ചുനല്‍കിയില്ല.

വനിതാ എസ്‌ഐയുടെ ഭര്‍ത്താവായ ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്നുവരെ സംഘം പണം അടിച്ചുമാറ്റി. 10 ലക്ഷം രൂപയാണ് ഇയാളില്‍ നിന്ന് തട്ടിയത്. ഇതറിഞ്ഞ എസ്ഐ തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ പോലും പണം പത്തിരട്ടിയാക്കി തിരിച്ചുനല്‍കും എന്നായിരുന്നു വാഗ്ദാനം.

പണം നഷ്ടപ്പെട്ടവരില്‍ ഇടുക്കിയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും ഉണ്ടെന്നാണ് വിവരം. 10 കോടി ലഭിക്കുമെന്ന മോഹന വാഗ്ദാനത്തില്‍ വീണ് 39 ലക്ഷം രൂപയാണ് ഇവര്‍ സംഘത്തിന് നല്‍കിയത്. ഇതിന് പുറമെ വിമുക്ത ഭടന്മാരില്‍ നിന്നുവരെ സംഘം പണം അടിച്ചുമാറ്റിയിട്ടുണ്ട്.

Content Highlights: Priest and nuns caught in scam promising to make profit by selling iridium

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us