

ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന എമിറേറ്റ്സ് വിമാനം വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷിതമായി നിലത്തിറക്കി പരിശോധന നടത്തി. അതിനിടെ അടിക്കടിയുള്ള വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് വ്യോമയാന മേഖല കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇൻഡിഗോയുടെ നിരവധി വിമാനങ്ങൾ സമാന ഭീഷണികളെ തുടർന്ന് വഴിതിരിച്ചുവിട്ടിരുന്നു.
ദുബായിൽ നിന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം EK526-നാണ് സുരക്ഷാ ഭീഷണിയുണ്ടായത്. ഇന്ന് രാവിലെ 7.30 ഓടെയാണ് വിമാനത്താവളത്തിലെ കസ്റ്റമർ സപ്പോർട്ടിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കനത്ത നിരീക്ഷണത്തിൽ യാത്ര തുടർന്ന വിമാനം 8.30-ഓടെ സുരക്ഷിതമായി ഹൈദരാബാദിൽ ഇറക്കി. തുടർന്ന്, വിമാനം ഒരു ഒറ്റപ്പെട്ട ബേയിലേക്ക് മാറ്റുകയും സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ച് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ഹൈദരാബാദിലേക്ക് വരുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി ഭീഷണികൾ ഉണ്ടാകുന്നത് വ്യോമയാന മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വ്യാഴാഴ്ച, മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ഇൻഡിഗോ വിമാനം 6E 058 ഭീഷണിയെത്തുടർന്ന് അടിയന്തിരമായി അഹമ്മദാബാദിൽ ഇറക്കിയിരുന്നു. കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള മറ്റൊരു ഇൻഡിഗോ വിമാനം മുംബൈയിലും അടിയന്തിരമായി ഇറക്കി. നവംബറിൽ, വിമാനത്താവള പരിസരത്ത് ആർ.ഡി.എക്സ്. വെച്ചതായി വ്യാജ ഇമെയിൽ സന്ദേശവും രാജീവ് ഗാന്ധി വിമാനത്താവളത്തിന് ലഭിച്ചിരുന്നു.
തുടർച്ചയായ ഈ വ്യാജ ഭീഷണികൾ യാത്രക്കാരിലും വിമാനത്താവളങ്ങളിലും കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഈ സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാജ ഭീഷണി മുഴക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
Content Highlights: Dubai-Hyderabad Emirates flight receives bomb threat, lands safely