
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15 മുതൽ 2026 മെയ് 10 വരെയാണ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ. വെടിക്കെട്ട്, കരിമരുന്ന് പ്രയോഗം, ക്രിസ്തുമസ് ആഘോഷം, വിവിധരാജ്യങ്ങളിലെ പുതുവർഷ പിറവി ആഘോഷം, വിവിധതരം ഭക്ഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയെല്ലാം പതിവുപോലെ ഗ്ലോബൽ വില്ലേജിൽ ഇത്തവണയും സന്ദർശകർക്ക് പ്രതീക്ഷിക്കാം. ഗ്ലോബൽ വില്ലേജിന്റെ 30-ാം പതിപ്പിനോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളും ഇത്തവണ ഉണ്ടാകുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു.
ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ ഇത്തവണത്തെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബറിൽ മാത്രമെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കൂവെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ, പ്രവേശന നിരക്ക് 25 മുതൽ 30 ദിർഹത്തിന് ഇടയിലായിരുന്നു. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരുന്നു.
കഴിഞ്ഞ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ഒന്നരകോടി സന്ദർശകർ ദുബായ് ഗ്ലോബൽ വില്ലേജിലേക്കെത്തിയിരുന്നു. 30-ാം സീസണും വലിയ ജനക്കൂട്ടത്തെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1996-ലാണ് ദുബായ് ഗ്ലോബൽ വില്ലേജിന് തുടക്കമായത്. ഇന്ന് യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മേഖലയായി ഗ്ലോബൽ വില്ലേജ് മാറിക്കഴിഞ്ഞു. പരമ്പരാഗത കരകൗശല വസ്തുക്കൾ, സാംസ്കാരിക പ്രകടനങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവയിലൂടെ ഓരോ രാജ്യങ്ങൾക്കും ഗ്ലോബൽ വില്ലേജ് വ്യത്യസ്ത കാഴ്ചകൾ നൽകി.
വേനൽക്കാലത്തെ കടുത്ത ചൂട് ഒഴിവാക്കാനും അടുത്ത സീസണിനായി തയ്യാറെടുക്കാനുമാണ് ഗ്ലോബൽ വില്ലേജ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പുതിയ സീസണിൽ എന്തൊക്കെയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വരും ആഴ്ചകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Dubai: Global Village announces opening date for Season 30