നിയമവിരുദ്ധ വൈദ്യ-സൗന്ദര്യവർദ്ധക ചികിത്സകൾ; ദുബായിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ വൈദ്യ-സൗന്ദര്യ ചികിത്സകൾ നടത്തുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

dot image

ദുബായിൽ നിയമവിരുദ്ധമായി വൈദ്യചികിത്സയും ലൈസൻസില്ലാതെ സൗന്ദര്യവർദ്ധക ചികിത്സകളും നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. താമസ സ്ഥലമായ അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു ഇവർ പ്രവർത്തനം നടത്തിയിരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നതും യുഎഇയിലെ നിയമങ്ങളുടെ ലംഘനവുമാണെന്ന് അധികൃതർ അറിയിച്ചു.

ദുബായ് ആരോഗ്യ അതോറിറ്റിയുടെ (ഡി.എച്ച്.എ) സഹകരണത്തോടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. അപ്പാർട്ട്മെന്റിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരം സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ റെയ്ഡിൽ, മെഡിക്കൽ ഉപകരണങ്ങളും ലൈസൻസില്ലാത്ത മരുന്നുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രതികളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ വൈദ്യ-സൗന്ദര്യ ചികിത്സകൾ നടത്തുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള സ്ഥാപനങ്ങളിൽ മാത്രം ചികിത്സ തേടാനും സേവനദാതാക്കളുടെ യോഗ്യത ഉറപ്പുവരുത്താനും ജീവൻ അപകടത്തിലാക്കുന്ന വാഗ്ദാനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും ദുബായ് പൊലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

നിയമവിരുദ്ധമായ വൈദ്യപ്രവർത്തനങ്ങൾ "പൊലീസ് ഐ" സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാത്ത വൈദ്യനടപടികൾക്കെതിരെ പോരാടുന്നതിനും സമൂഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ദുബായ് പൊലീസ് പ്രതിജ്ഞാബദ്ധരാണെന്നും അവർ വ്യക്തമാക്കി.

Content Highlights: Dubai: 3 women arrested for performing illegal cosmetic procedures at apartment

dot image
To advertise here,contact us
dot image