
ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഷാര്‍ജയില്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാലാണ് നടപടികൾ തിങ്കളാഴ്ച വരെ നീളുന്നത്.
കഴിഞ്ഞ ദിവസമാണ് വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടന്നത്. രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ ഒട്ടേറെ വൈകാരിക നിമിഷങ്ങളാണ് ഉണ്ടായത്. നിതീഷും കുടുംബവും വിപഞ്ചികയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് നിതീഷ് തന്നെയായിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം.
ജൂലൈ എട്ടിനാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു.
Content Highlights: vipanchikas dead body likely to-be repatriated on monday