
ഷാർജ: വ്യാജ നമ്പർ പ്ലേറ്റുമായി നിരന്തരം ട്രാഫിക് നിയമലംഘനം നടത്തിയ വാഹനത്തിനെയും ഉടമയെയും ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിൽ വ്യാജ ലൈസൻസ് പ്ലേറ്റുകൾ സ്ഥാപിച്ചായിരുന്നു ഇയാളുടെ യാത്രകൾ.
നിലവിൽ ഇയാൾ 137 ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതായി അധികൃതർ കണ്ടെത്തി. ഈ കേസുകളിലായി ഇയാളിൽ നിന്ന് 104,000 ദിർഹം (ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപ) പിഴ ഈടാക്കി.
ഇയാളുടെ പേരിൽ 308 ട്രാഫിക് പോയിന്റുകളും ഉണ്ടായിരുന്നു. വാഹനം കണ്ടുകെട്ടാനുള്ള കാലാവധി 764 ദിവസത്തിലധികം കവിഞ്ഞതായും അധികൃതർ കണ്ടെത്തി.
ഷാർജയിലെ ഫീൽഡ് ട്രാഫിക് ഓഫീസർമാരും കൺട്രോൾ ആൻഡ് കമാൻഡ് സെന്റർ ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ മുഹമ്മദ് ഗാനേം പറഞ്ഞു.
എമിറേറ്റിലെ വിവിധ റോഡുകളിൽ വിന്യസിച്ചിരിക്കുന്ന നൂതന സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വാഹനം കണ്ടെത്തിയത്. വ്യാജ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുകയോ നമ്പറുകൾ മറയ്ക്കുകയോ ചെയ്യുന്നത് പോലുള്ള പെരുമാറ്റങ്ങൾ കേവലം ട്രാഫിക് നിയമലംഘനം മാത്രമല്ലെന്നും അത് ക്രിമിനൽ കേസുകളായി മാറിയേക്കാമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഷാർജ പോലീസ് അതിന്റെ നൂതന നിരീക്ഷണ സംവിധാനങ്ങളിലൂടെ ഇത്തരം നിയമലംഘനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിരുത്തരവാദപരമായ നടപടികൾ അതോറിറ്റി അനുവദിക്കില്ലെന്നും, ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമായി നിയമം ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കേണൽ ഒമർ മുഹമ്മദ് ഗാനേം പറഞ്ഞു.
Content Highlights: Sharjah Police fines driver Dh104,000 for repeated violations with fake number plates