

സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ച തിരൂർ വൈലത്തൂർ മണ്ണാറക്കൽ സ്വദേശി കൈതക്കാട്ടിൽ അയൂബ് സഖാഫിയുടെ (39) മൃതദേഹം നാട്ടിലെത്തിച്ചു. വ്യാഴാഴ്ച രാത്രി റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 7.35-ഓടെയാണ് ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്. വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുക.
ഈ മാസം ഏഴാം തീയതിയായിരുന്നു അയൂബ് സഖാഫിയുടെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. അവധിക്ക് ശേഷം നാട്ടിൽ നിന്നും റിയാദിൽ തിരിച്ചെത്തി വെറും മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത വിയോഗം. നാട്ടിൽ പിതാവിൻ്റെ ആണ്ടുനേർച്ച ചടങ്ങുകൾ നടക്കുന്നതിനിടെയിലാണ് അയൂബിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്.
റിയാദിലെ സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിൽ ഏറെ സജീവമായിരുന്ന വ്യക്തിത്വമായിരുന്നു അയൂബ് സഖാഫി. മഅ്ദിൻ സ്ഥാപനങ്ങളുടെ താൽക്കാലിക ഓർഗനൈസറായും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ അസീസിയ ഡിവിഷൻ ദാറുൽ ബൈദാ യൂണിറ്റ് പ്രസിഡൻ്റായും അദ്ദേഹം മാതൃകാപരമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.
റിയാദ് ഐസിഎഫ് വെൽഫെയർ ടീമിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. വ്യാഴാഴ്ച അസർ നമസ്കാരത്തിന് ശേഷം ഉമ്മുൽ ഹമാം കിങ് ഖാലിദ് മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരവും നടന്നിരുന്നു. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. റുമൈസയാണ് ഭാര്യ. റസീൻ റബീഹ്, റാസി ആയിഷ എന്നിവർ മക്കളാണ്.
Content Highlights: The body of Ayoub Sakhafi, who died in Riyadh, Saudi Arabia, has been brought back to his native place. Family members and relatives received the mortal remains, and arrangements are being made for the final rites.