കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ സാക്ഷി പറയാൻ ഭയപ്പെടേണ്ട; സംരക്ഷണ പദ്ധതിയുമായി സൗദി അറേബ്യ

രാജ്യത്തെ അഴിമതി വിരുദ്ധ നീക്കങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും കൂടുതൽ കരുത്തുപകരുന്നതാണ് സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ സാക്ഷി സംരക്ഷണ പദ്ധതി

കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ സാക്ഷി പറയാൻ ഭയപ്പെടേണ്ട; സംരക്ഷണ പദ്ധതിയുമായി സൗദി അറേബ്യ
dot image

കുറ്റകൃത്യങ്ങളും അഴിമതികളും തുറന്നുകാട്ടുന്ന സാക്ഷികൾക്ക് കവചമൊരുക്കാൻ പുതിയ സംരക്ഷണ പദ്ധതിയുമായി സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. ഭീഷണിയുള്ള സാഹചര്യങ്ങളിൽ പ്രതികളുടെ സാന്നിധ്യമില്ലാതെ തന്നെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ കോടതിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.

രാജ്യത്തെ അഴിമതി വിരുദ്ധ നീക്കങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും കൂടുതൽ കരുത്തുപകരുന്നതാണ് സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ സാക്ഷി സംരക്ഷണ പദ്ധതി. പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു പ്രത്യേക സമിതിയാണ് പദ്ധതി നിയന്ത്രിക്കുക. പബ്ലിക് പ്രോസിക്യൂട്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ സമിതിയുടെ പ്രവർത്തനം.

പുതിയ പദ്ധതി പ്രകാരം കേസിൽ ഉൾപ്പെട്ട പ്രതികളിൽ നിന്നോ അവരുടെ അഭിഭാഷകരിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ, സാക്ഷികളുടെയും വിദഗ്ധരുടെയും മൊഴികൾ പ്രതികളുടെ സാന്നിധ്യമില്ലാതെ തന്നെ കോടതിക്ക് രേഖപ്പെടുത്താം. കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, അവർ നേരിടുന്ന ഭീഷണികളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. ആവശ്യമെങ്കിൽ വിദേശ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാനും ഈ സമിതിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും.

വ്യക്തികൾക്ക് നേരെ ഉയരുന്ന ഭീഷണിയുടെ ഗൗരവം, അവർ നിയമപാലകർക്ക് കൈമാറിയ വിവരങ്ങളുടെ പ്രാധാന്യം, സാക്ഷികളുടെ ആരോഗ്യ-സാമൂഹിക സാഹചര്യങ്ങൾ എന്നിവ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമായിരിക്കും അധികൃതർ സുരക്ഷ അനുവദിക്കുക. കുറ്റകൃത്യങ്ങൾ ഭയമില്ലാതെ തുറന്നുപറയാൻ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് രാജ്യത്തിന്റെ ഈ സുപ്രധാന നടപടി.

Content Highlights: Saudi Arabia has introduced a protection initiative aimed at encouraging witnesses to report crimes without fear. The program is designed to safeguard individuals who provide testimony in criminal cases, strengthening legal transparency and improving law enforcement effectiveness.

dot image
To advertise here,contact us
dot image