പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം; ബാങ്ക് സേവനത്തിന് നിരക്കുകൾ കുറച്ച് സൗദി സെൻട്രൽ ബാങ്ക്

പരിഷ്കാരങ്ങൾ സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകുമെന്ന് സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം; ബാങ്ക് സേവനത്തിന് നിരക്കുകൾ കുറച്ച് സൗദി സെൻട്രൽ ബാങ്ക്
dot image

സൗദി അറേബ്യയിലെ ബാങ്കിങ്, പേയ്‌മെന്റ് ഇടപാടുകൾക്കുള്ള സേവന നിരക്കുകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ബാങ്കിങ് താരിഫിൽ ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

റിയൽ എസ്റ്റേറ്റ് ഇതര വായ്പകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകളിലാണ് സൗദി സെൻട്രൽ ബാങ്ക് പ്രധാനമായും ഇളവുകൾ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഗുണഫലമായി മുമ്പ് വായ്പാ തുകയുടെ ഒരു ശതമാനം (പരമാവധി 5,000 റിയാൽ) വരെ ഈടാക്കിയിരുന്ന ഫീസ്, ഇനി മുതൽ 0.5 ശതമാനം (പരമാവധി 2,500 റിയാൽ) ആയി കുറയും. ഇതോടെ പേഴ്സണൽ ലോണുകൾ, വാഹന വായ്പകൾ എന്നിവ എടുക്കുന്നവർക്ക് ഈ മാറ്റം വലിയ സാമ്പത്തിക ആശ്വാസം നൽകും.

വായ്പകൾക്ക് പുറമെ, മദാ കാർഡ് സേവനങ്ങളുമായി ബന്ധപ്പെട്ട നിരക്കുകളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മദാ കാർഡുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് എടുക്കുന്നതിനുള്ള ഫീസ് 30 റിയാലിൽ നിന്ന് 10 റിയാലായി കുറച്ചിട്ടുണ്ട്. കാർഡ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പർച്ചേസുകൾക്ക് ഈടാക്കുന്ന ഫീസ് ഇടപാട് തുകയുടെ രണ്ട് ശതമാനമായി നിജപ്പെടുത്തി. ഗൾഫ് രാജ്യങ്ങൾക്ക് പുറത്തുള്ള എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, ഇടപാട് തുകയുടെ മൂന്ന് ശതമാനം മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ. ഇത് പരമാവധി 25 റിയാൽ വരെ മാത്രമേ ആകാൻ പാടുള്ളൂ എന്നും പരിധി നിശ്ചയിച്ചിട്ടുണ്ട്.

ബാങ്കിങ് ഇടപാടുകൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ചെക്ക് ബുക്ക് സേവനങ്ങൾക്കും സ്റ്റാൻഡിംഗ് ഓർഡറുകൾക്കും ഈടാക്കുന്ന നിരക്കുകളിലും സൗദി സെൻട്രൽ ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. പുതുതായി ബാങ്ക് ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് 10 റിയാൽ നൽകണമായിരുന്ന സ്ഥാനത്ത് ഇനി മുതൽ അഞ്ച് റിയാൽ മാത്രം നൽകിയാൽ മതിയാകും. ബാങ്ക് ശാഖകൾ വഴി സ്ഥിരമായ പണമടയ്ക്കൽ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള ഫീസും അഞ്ച് റിയാലായി കുറച്ചു.

സൗദിയിലെ ഡിജിറ്റൽ ഇടപാടുകളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനാണ് ഈ നടപടികൾ. ഈ പരിഷ്കാരങ്ങൾ സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകുമെന്ന് സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു.

Content Highlights: Saudi Central Bank slashes banking and payment fees

dot image
To advertise here,contact us
dot image