
ഡാക്കു മഹാരാജ്, വാരിസ്, അരവിന്ദ സമേത തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സംഗീത സംവിധായകനാണ് തമൻ. തമന്റെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും വലിയ ആരാധകരുണ്ട്. ബാലയ്യ സിനിമയായ ഡാക്കു മഹാരാജിലെ തമന്റെ ബിജിഎം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനിടെ ചില നെഗറ്റീവ് ട്രെൻഡുകളും തമനെതിരെ എക്സിൽ ഉയർന്നിരുന്നു.
മഹേഷ് ബാബു ചിത്രമായ ഗുണ്ടുർ കാരവുമായി ബന്ധപ്പെട്ടായിരുന്നു എക്സിൽ ഹാഷ്ടാഗുകൾ ഉയർന്നത്. തമനെ സിനിമയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു വ്യാപകമായി ഹാഷ്ടാഗുകൾ പ്രചരിച്ചത്. ഇപ്പോഴിതാ ഇതിൽ മനസുതുറക്കുകയാണ് തമൻ. തനിക്കെതിരെ നെഗറ്റീവ് ട്രെൻഡുകൾ ഉയർന്നപ്പോൾ താൻ ഒരു മുറിയിൽ തനിച്ചിരുന്നു കരയുകയായിരുന്നു എന്ന് തമൻ പറഞ്ഞു, 'മഹേഷ് ബാബു ആരാധകർക്ക് എന്തിനാണ് എന്നോട് ഇത്ര വിരോധം എന്നെനിക്ക് മനസിലായില്ല. അദ്ദേഹത്തിന്റെ സിനിമകൾക്ക് ഞാൻ ഒരിക്കലും മോശം ഗാനങ്ങൾ നൽകിയിട്ടില്ല. ട്രോളിന്റെ സമയത്ത് ത്രിവിക്രം സാർ എന്റെയൊപ്പം മൗണ്ട് എവറെസ്റ്റിനെ പോലെ നിന്നു. എന്നോട് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനും വർക്കിൽ ഫോക്കസ് ചെയ്യാനും പറഞ്ഞു. എനിക്കെതിരെ നെഗറ്റീവ് ട്രെൻഡ് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ഒരു മുറിയിൽ തനിച്ചിരുന്നു ഞാൻ കരച്ചിലായിരുന്നു', തമന്റെ വാക്കുകൾ.
ത്രിവിക്രം ഒരുക്കിയ ഗുണ്ടുർ കാരത്തിലെ ഗാനങ്ങൾ എല്ലാം ശ്രദ്ധ നേടിയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. മഹേഷ് ബാബുവിനൊപ്പം ബിസിനസ്മാൻ, ഡൂക്കുഡു എന്നീ സിനിമകളിലും തമൻ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, പവൻ കല്യാൺ ചിത്രമായ ഒജിയാണ് ഏറ്റവും ഒടുവിലായി തമന്റെ സംഗീതത്തിൽ പുറത്തുവന്ന സിനിമ. ഗംഭീര അഭിപ്രായമാണ് തമന്റെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ സിനിമയിലെ മ്യൂസിക് വളരെയധികം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. പ്രഭാസ് ചിത്രമായ ദി രാജാസാബ്, ബാലയ്യ ചിത്രമായ അഖണ്ഡ 2 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള തമന്റെ സിനിമകൾ.
Content Highlights: I cried alone in a room says Thaman