
റോം: ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിൽ രാജ്യ വ്യാപക തൊഴിലാളി സമരം. ഗാസയിൽ പലസ്തീനികളെ കൂട്ടക്കുരുതി ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിൻ്റെ ഭാഗമായി പതിനായിരക്കണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളുമാണ് തിങ്കളാഴ്ച ഇറ്റലിയിൽ ഉടനീളം അരങ്ങേറിയത്.
മിലാനിലും മറ്റ് ഇറ്റാലിയൻ നഗരങ്ങളിലുമെല്ലാം പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പതിനായിരക്കണക്കിന് പേരാണ് റോമിൽ നടന്ന പ്രതിഷേധ മാർച്ചിൽ അണിനിരന്നത്. തുറമുഖത്തൊഴിലാളികൾ പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുറമുഖങ്ങൾ ഉപരോധിച്ചു. വെനീസ് തുറമുഖത്ത് നടന്ന പ്രതിഷേധം ആക്രമണാസക്തമായി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ഇവിടെ ജലപീരങ്കി പ്രയോഗിച്ചു. ജെനോവ, ലിവോർണോ, ട്രൈസ്റ്റെ എന്നീ തുറമുഖങ്ങളിലും പ്രതിഷേധം നടന്നു. ഗാസയിൽ പലസ്തീനികൾക്കെതിരായ യുദ്ധത്തിൽ ഇസ്രായേലിന് ആയുധങ്ങളും മറ്റ് സാധനങ്ങളും കൈമാറുന്നതിനുള്ള ഇടമായി ഇറ്റലിയെ ഉപയോഗിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധമെന്നാണ് ഡോക്കിംഗ് തൊഴിലാളികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
വടക്കുപടിഞ്ഞാറൻ നഗരമായ ജെനോവയിൽ തുറമുഖത്തിന് സമീപം നടന്ന പ്രതിഷേധത്തിൽ തൊഴിലാളികൾ പലസ്തീൻ പതാകകൾ വീശിയാണ് മുദ്രാവാക്യം മുഴക്കിയത്. ഓട്ടോണമസ് പോർട്ട് വർക്കേഴ്സ് കളക്ടീവ് എന്ന അടിസ്ഥാന തൊഴിലാളി വിഭാഗത്തിൽ നിന്നുള്ളവരാണ് ഇവിടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്.
ബൊളോണ നഗരത്തിനടുത്തുള്ള ഒരു പ്രധാന റോഡിൽ പ്രതിഷേധക്കാർ ഉപരോധിച്ചതിനെ ഗതാഗതം നിർത്തിവച്ചു. പിന്നീട് ജലപീരങ്കി ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ച് വിട്ടത്. പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഇവിടുത്തെ പ്രധാന ട്രെയിൻ സ്റ്റേഷന് പുറത്ത് റാലി നടത്തിയത്. ഇതിന് മുമ്പായി പ്രതിഷേധക്കാർ ഒരു പ്രധാന റിംഗ് റോഡിലെ ഗതാഗതവും തടഞ്ഞിരുന്നു. തെക്കൻ നഗരമായ നേപ്പിൾസിൽ തൊഴിലാളികൾ പ്രധാന റെയിൽവേ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്ന് പൊലീസുമായി ഏറ്റുമുട്ടലുണ്ടായതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിഷേധക്കാർ ചിലർ ട്രാക്കിൽ കയറി തടസ്സമുണ്ടാക്കിയത് കുറച്ച് നേരത്തേയ്ക്ക് ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ഇറ്റലിയിലെ പ്രധാന നഗരങ്ങളിലെല്ലാം തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് സ്കൂളുകൾ അടക്കുകയും പ്രതിഷേധം പൊതുഗതാഗതത്തെ ബാധിക്കുകയും ചെയ്തതാണ് റിപ്പോർട്ട്.
ഇതിനിടെ ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനവും അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ സഹ ആതിഥേയരുമായ മിലാനിലെ സമരങ്ങളെ പ്രധാനമന്ത്രി ജോർജിയ മെലോണി അപലപിച്ചു. മെലോണി നയിക്കുന്ന ഇറ്റലിയിലെ വലതുപക്ഷ സർക്കാർ യൂറോപ്പിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ്. ബ്രിട്ടനും ഫ്രാൻസുമെല്ലാം സ്വതന്ത്ര്യ പലസ്തീനെ അംഗീകരിച്ചപ്പോഴും ഇറ്റലി അതിന് തയ്യാറായിട്ടില്ല.
Content Highlights: Nationwide strike called by trade unions in Italy against the mass killings of Palestinians in Gaza