'ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ അവർ ഓപ്പണ്‍ ചെയ്യട്ടെ'; പാകിസ്താനെ പരിഹസിച്ച് മുന്‍ താരം

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയം വഴങ്ങിയ സാഹചര്യത്തിലാണ് പ്രതികരണം

'ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ അവർ ഓപ്പണ്‍ ചെയ്യട്ടെ'; പാകിസ്താനെ പരിഹസിച്ച് മുന്‍ താരം
dot image

പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പരി​ഹസിച്ച് മുന്‍ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍. ഇന്ത്യയ്ക്കെതിരെ ഒരു ക്രിക്കറ്റ് മത്സരം വിജയിക്കണമെങ്കിൽ പാകിസ്താൻ ആര്‍മി ചീഫ് അസിം മുനീര്‍ ഓപ്പണറായി ഇറങ്ങേണ്ടി വരുമെന്ന് ഇമ്രാൻ പറഞ്ഞു. അസിം മുനീറിനൊപ്പം പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‍വി കൂടി ബാറ്റിങ്ങിനിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയം വഴങ്ങിയ സാഹചര്യത്തിലാണ് ജയിലിലുള്ള ഇമ്രാൻ ഖാന്റെ പ്രതികരണം. ഇമ്രാന്റെ സഹോദരി അലീമ ഖാനാണ് മുൻ താരത്തിന്റെ സന്ദേശം മാധ്യമങ്ങൾക്ക് കൈമാറിയത്.

'ജനറല്‍ മുനീറും നഖ്‍വിയും ഓപ്പണര്‍മാരായി ഇറങ്ങണം. പാകിസ്താന്‍റെ മുൻ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ എന്നിവർ അംപയർമാരാകണം. ഇസ്‍ലാമാബാദ് ഹൈക്കോടതി ജഡ്ജി സര്‍ഫ്രാസ് ദോഗറെ തേഡ് അംപയറാകാം. പാകിസ്താന് ഇന്ത്യയ്ക്കെതിരെ വിജയിക്കാൻ ആ ഒരു വഴി മാത്രമാണുള്ളത്' എന്നായിരുന്നു ഇമ്രാന്‍റെ പരിഹാസം.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്‌ക്കെതിരായ ഇരട്ട തോൽവികളെക്കുറിച്ച് തന്റെ സഹോദരനെ അറിയിച്ചിരുന്നുവെന്നും അതാണ് അദ്ദേഹത്തിന് കളിയാക്കാൻ തോന്നിപ്പിച്ചതെന്നും അലീമ കൂട്ടിച്ചേർത്തു. പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപകനായ ഇമ്രാൻ ഖാൻ വിവിധ കേസുകളിൽ പ്രതിയായി 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.

Content Highlights: Imran Khan Mocks PCB Chairman, Urges Mohsin Naqvi & Army Chief To Bat Vs India

dot image
To advertise here,contact us
dot image