
ദോഹയിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തി ഖത്തർ. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ലഭ്യമായ എല്ലാ നിയമപരവും നയതന്ത്രപരവുമായ വഴികൾ തേടുകയാണ് ഖത്തർ.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിരീക്ഷക രാഷ്ട്രമായതിനാൽ ഖത്തറിന് നേരിട്ട് കേസുകൾ കോടതിക്ക് കൈമാറാൻ കഴിയില്ല. ദോഹയിൽ നടന്ന അടിയന്തര ചർച്ചകൾക്ക് ശേഷം, ഇസ്രയേൽ ആക്രമണം തുടരുന്നത് തടയാൻ 'സാധ്യമായ എല്ലാ നിയമപരവും ഫലപ്രദവുമായ നടപടികളും' സ്വീകരിക്കാൻ അറബ്, ഇസ്ലാമിക കൂട്ടായ്മകൾ തിങ്കളാഴ്ച ഖത്തറിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ക്രിമിനൽ കോടതി മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഏക്സിൽ പങ്കുവെച്ച ഒരു കുറിപ്പിൽ, ഖത്തറിനെതിരെയുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധമായ സൈനികാക്രമണത്തോട് പ്രതികരിക്കാൻ നിയമപരമായ വഴികൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു തന്റെ സന്ദർശനമെന്ന് ഖത്തറിന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ഖുലൈഫി പറഞ്ഞു.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.
ഗാസയിലേതുൾപ്പെടെ ഇസ്രയേൽ ആക്രമണ മേഖലകളിലെ വെടിനിർത്തൽ കരാറിനും തടവുകാരെ കൈമാറുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ആക്രമിച്ചത്. അഞ്ച് ഹമാസ് അംഗങ്ങളും ഖത്തറിൻ്റെ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Content Highlights: Qatar meets with ICC head to seek legal action over Israeli attack