
കണ്ണൂരിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ ഒരു കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാണ്. അപകടം മുന്നിൽ കണ്ട കുട്ടിയുടെ മുൻകരുതലും രക്ഷയ്ക്കായി എത്തിയ യുവാക്കളുടെ സമയോചിതമായ ഇടപ്പെടലുമാണ് വലിയ ഒരു അപകടം ഒഴിഞ്ഞു പോകാൻ കാരണമായത്. കുട്ടിയെ രക്ഷിക്കാൻ ആ ചെറുപ്പക്കാർ ഉപയോഗിച്ച ടെക്നിക്കാണ് അവർ ഹൈംലിച് മാനുവർ (Heimlich Maneuver). ഈ ജീവൻ രക്ഷാ വിദ്യ എങ്ങനെയാണെന്നും എന്താണെന്നും വിവരിച്ച് മനോജ് വെള്ളനാട് എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
എന്താണ് ഹൈംലിച് മാനുവർ ?
കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും നിമിഷ നേരം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഗുരുതരമായ സംഭവമാണ് ചോക്കിംഗ് അഥവാ ശ്വാസനാളത്തിൽ എന്തെങ്കിലും വസ്തു കുടുങ്ങുന്നത്. എത്രയോ ജീവനുകൾ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ. ‘കഫേ കൊറോണറി’ എന്നാണ് ഇതിൻ്റെ മറ്റൊരു പേര്. റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആൾക്കാർ പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കുകയും അത് ഹാർട്ട് അറ്റാക്ക് കാരണം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നത് ഒരു കാലത്ത് സ്വാഭാവികമായിരുന്നു. അങ്ങനെ വന്ന പേരാണ് ‘കഫേ കൊറോണറി’. ഇത്തരം സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രഥമ ശുശ്രൂഷാ രീതിയാണ് ഹൈംലിച് മാനുവർ. ഡോ. ഹെൻറി ഹൈംലിച് എന്ന അമേരിക്കൻ ഡോക്ടറാണ് ഈ വിദ്യ വികസിപ്പിച്ചത്.
1972-ൽ, ചോക്കിങ്ങിനെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചതിനെത്തുടർന്ന്, പ്രതിവർഷം നിരവധി ആളുകൾ ചോക്കിങ് മൂലം മരിക്കുന്നുവെന്ന് മനസ്സിലാക്കിയ ഡോ. ഹൈംലിച് അതിനൊരു പരിഹാര മാർഗത്തെ പറ്റി ഗൗരവകരമായി ചിന്തിച്ചു തുടങ്ങി. ശ്വാസനാളത്തിൽ എന്തെങ്കിലും കുടുങ്ങിയാൽ പുറകിൽ തട്ടുന്ന ഒരു രീതിയാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാൽ ഈ രീതി പലപ്പോഴും ഫലപ്രദമായിരുന്നില്ല. ചിലപ്പോൾ ഇത് സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും. അങ്ങനെയാണ് ശ്വാസകോശത്തിനുള്ളിലുള്ള വായു ഉപയോഗിച്ച് ആ വസ്തുവിനെ പുറത്തേക്ക് തള്ളാനുള്ള ഒരു രീതി വികസിപ്പിക്കുന്നതിനെ പറ്റി അദ്ദേഹം ആലോചിച്ചു തുടങ്ങിയത്. അദ്ദേഹം ആദ്യം അനസ്തീഷ്യ കൊടുത്ത നായകളിലാണ് ഈ ടെക്നിക്ക് പരീക്ഷിക്കുന്നത്. അത് സക്സസായി. രോഗിയുടെ പിറകിൽ നിന്നും വയറിൽ ശക്തമായി അമർത്തി തൊണ്ടയിൽ കുടുങ്ങിയ വസ്തുക്കൾ പുറത്തേക്കെടുക്കാം എന്ന് അദ്ദേഹം കണ്ടെത്തുന്നത് അങ്ങനെയാണ്.
1974-ൽ 'എമർജൻസി മെഡിസിൻ' എന്ന ജേർണലിൽ തൻ്റെ കണ്ടുപിടിത്തത്തെക്കുറിച്ച് ഒരു ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചു. "പോപ്പ് ഗോസ് ദി കഫേ കൊറോണറി" എന്നായിരുന്നു ആ ലേഖനത്തിൻ്റെ തലക്കെട്ട്. തുടക്കത്തിൽ വൈദ്യലോകം ഈ പുതിയ രീതിയെ അത്ര പെട്ടെന്ന് അംഗീകരിച്ചില്ല. എന്നാൽ ഈ രീതി ഉപയോഗിച്ച് ആളുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ ഇതിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. പിന്നീട് ഈ വിദ്യ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും, പ്രഥമ ശുശ്രൂഷാ പരിശീലനങ്ങളുടെ ഭാഗമാവുകയും ചെയ്തു. ഇന്നോളം ലോകത്തെമ്പാടും ഒരുപാട് മനുഷ്യരുടെ ജീവൻ രക്ഷിച്ചിട്ടുള്ള, എല്ലാവരും അറിഞ്ഞിരിക്കേണ്ട, ശരിക്കും സ്കൂൾ തലം മുതൽ പഠിപ്പിക്കേണ്ട ഒരു ഫസ്റ്റ് എയ്ഡ് ആണ് ഹെംലിച്ച് മെനുവർ. അമേരിക്കൻ പ്രസിഡൻ്റായിരുന്ന റൊണാൾഡ് റീഗൻ, നടിയായിരുന്ന എലിസബത്ത് ടെയിലർ തുടങ്ങി പ്രമുഖരും പ്രശസ്തരുമായ പലരും ഈ വിധം ജീവിതത്തിലേക്ക് കടന്നു വന്നവരാണ്.
ഹൈംലിക്ക് മാനുവർ എങ്ങനെ ചെയ്യണം?
ഒരാൾക്ക് തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങി ശ്വാസംമുട്ടൽ ഉണ്ടാകുകയാണെങ്കിൽ, അവർക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിയുന്നില്ലെങ്കിൽ മാത്രമേ ഈ രീതി ഉപയോഗിക്കാവൂ. ഭാഗികമായി മാത്രം ശ്വാസംമുട്ടൽ ഉള്ള ഒരാളോട് ചുമയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്.
വ്യക്തി അബോധാവസ്ഥയിൽ ആണെങ്കിലും ചെയ്യരുത്. ഹൈംലിക്ക് മാനുവർ ചെയ്യേണ്ടത് എങ്ങനെയാണെന്ന് ചുരുക്കി പറയാം.
തൊണ്ടയിൽ വസ്തു / ഭക്ഷണം കുടുങ്ങിയ ആളുടെ പുറകിൽ പോയി നിൽക്കുക. രോഗിയുടെ ശരീരത്തിന് ചുറ്റും നിങ്ങളുടെ കൈകൾ കോർത്ത് പിടിക്കുക.
കൈകളുടെ സ്ഥാനം - ഒരു കൈകൊണ്ട് ഒരു മുഷ്ടി ചുരുട്ടുക. ഈ മുഷ്ടി വയറിൻ്റെ മുകൾഭാഗത്ത്, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി വെക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടി മുറുകെ പിടിക്കുക.
തള്ളൽ: മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്ക്, അകത്തേക്കും മുകളിലേക്കും ശക്തിയായി തള്ളുക. ഒരു "J" ആകൃതിയിൽ ഉള്ള തള്ളലാണ് വേണ്ടത്.
ഈ തള്ളൽ 5 തവണ ആവർത്തിക്കുക.
കുടുങ്ങിയ വസ്തു പുറത്തേക്ക് വന്നാലോ, അല്ലെങ്കിൽ ആ വ്യക്തിക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിഞ്ഞാലോ ഈ പ്രക്രിയ നിർത്താം. ഈ ശ്രമങ്ങൾക്കൊന്നും ഫലം കണ്ടില്ലെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടണം.
ഇനി അയാൾ അബോധാവസ്ഥയിൽ ആണെങ്കിൽ മിക്കവാറും ഹൃദയസ്തംഭനത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഉടൻ CPR (നെഞ്ചമർത്തി, വായിലൂടെ ശ്വാസം നൽകുന്ന ജീവൻ രക്ഷാമാർഗം) തുടങ്ങണം. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയും വേണം.
അതുപോലെ ഒരു വയസിന് താഴെയുള്ള കുട്ടികളിലും ഹൈംലിച് മനൂവർ ശുപാർശ ചെയ്യുന്നില്ല; പകരം ബാക്ക്സ്ലാപ്പും ചെസ്റ്റ് ത്രസ്റ്റും ആണ് ചെയ്യേണ്ടത്.
ഇനി നിങ്ങൾ ഒറ്റയ്ക്കേ ഉള്ളെങ്കിലും സ്വയം നിങ്ങൾക്കീ രീതി ഉപയോഗിക്കാവുന്നതാണ്. ഒരു കൈകൊണ്ട് മുഷ്ടി ഉണ്ടാക്കി, മറ്റേ കൈകൊണ്ട് പിടിക്കുക. മുഷ്ടി വാരിയെല്ലുകൾക്കു താഴെയും പൊക്കിളിനു മുകളിലും ആയി വയ്ക്കുക. അകത്തേക്കും മുകളിലേക്കുമായി 5 ശക്തമായ ത്രസ്റ്റുകൾ നൽകുക. അതല്ലെങ്കിൽ ഒരു ചെയർ, ടേബിൾ അതുമല്ലെങ്കിൽ റെയിലിങ് എഡ്ജിനു നേരെ വയറിന്റെ മുകൾഭാഗം ശക്തമായി അമർത്തി ത്രസ്റ്റ് ചെയ്യുക .
Content Highlights: 'Heimlich Maneuver Technique' saves child with chewing gum stuck in throat