'ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം, ഇസ്രയേലിനെ ശിക്ഷിക്കാൻ തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

'ഇസ്രയേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും അവരെ ശിക്ഷിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു'

'ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം, ഇസ്രയേലിനെ ശിക്ഷിക്കാൻ തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
dot image

ദോഹയിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി. ലോക രാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് അവരെ ശിക്ഷിക്കണമെന്നുമാണ് ഖത്തർ പ്രധാനമന്ത്രിയുടെ ആവശ്യം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ സംഘടിപ്പിച്ച അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള ഒരു തയ്യാറെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുൽ റഹ്മാൻ അൽതാനി.

'ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഇസ്രയേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും അവരെ ശിക്ഷിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ സഹോദരങ്ങളായ പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് പുറത്താക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. എന്നാൽ അതിനായി നടത്തുന്ന യുദ്ധം ​ഗുണം ചെയ്യില്ലെന്ന് ഇസ്രായേൽ മനസ്സിലാക്കണം,' അബ്ദുൽ റഹ്മാൻ അൽതാനി പ്രതികരിച്ചു.

അടിയന്തര സംയുക്ത അറബ്-ഇസ്ലാമിക ഉച്ചകോടിക്കുള്ള വിദേശകാര്യ മന്ത്രിമാരുടെ ഒരുക്കമെന്ന നിലയിലുള്ള യോഗം ഞായറാഴ്ച ദോഹയിൽ ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 9-ന് ദോഹയിലെ ഹമാസ് ഉദ്യോഗസ്ഥരുടെ വസതികൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന ചർച്ച ചെയ്യാനാണ് ഈ ഉച്ചകോടി ചേരുന്നതെന്ന് ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു.

സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

Content Highlights: Qatar PM urges world to ‘stop using double standards’ and punish Israel

dot image
To advertise here,contact us
dot image