ഖത്തർ മെട്രോ യാത്രകൾ സുരക്ഷിതമാകണം; മാർ​ഗ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോളോടെയാണ് ദോഹ മെട്രോ കൂടുതല്‍ ജനകീയമായി മാറിയത്

dot image

ഖത്തറിലെ മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. മെട്രോയുടെ വാതിലുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സ്റ്റേഷനുകള്‍ക്കുള്ളിലെ എല്ലാ നിര്‍ദ്ദേശങ്ങളും അടയാളങ്ങളും യാത്രക്കാർ പാലിക്കണമെന്നും എസ്‌കലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

വീഴ്ചകളോ പരിക്കുകളോ ഉണ്ടായാലോ മറ്റ് അടിയന്ത സാഹചര്യങ്ങളിലോ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടണം. സ്റ്റേഷനുകള്‍ക്കുള്ളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. മെട്രോയില്‍ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷാ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.

2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോളോടെയാണ് ദോഹ മെട്രോ കൂടുതല്‍ ജനകീയമായി മാറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫുട്ബോൾ ആരാധകര്‍, യാത്രക്ക് പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് മെട്രോ സര്‍വീസ് ആയിരുന്നു. പിന്നീട് ഖത്തറിലെ താമസക്കാരും ദൈനം ദിനയാത്രക്കായി മെട്രോയെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെ ജനങ്ങളുടെ പ്രിയപ്പെട്ട യാത്രാ സംവിധാനമായി മെട്രോ സര്‍വീസ് മാറി.

റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലായി 37 സ്‌റ്റേഷനുകളാണ് ദോഹ മെട്രോക്കുളളത്. മെട്രോ ലിങ്ക് ബസുകള്‍, മെട്രോ എക്സ്പ്രസ് വാനുകള്‍, പാര്‍ക്ക് ആന്റ് റൈഡ് സൗകര്യം എന്നിവയിലൂടെ ഇന്റഗ്രേറ്റഡ് യാത്രാ സൗകര്യവും മെട്രോയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Content Highlights: Qatar Issues Metro Guidelines for Passengers

dot image
To advertise here,contact us
dot image