റെസിഡൻഷ്യൽ മേഖലകളിൽ തൊഴിലാളി പാർപ്പിടങ്ങൾ പാടില്ല; മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിന് മുമ്പ് അവയുടെ അനുവദനീയമായ ഉപയോഗം ഭൂവുടമകളും പ്രോപ്പർട്ടി ഉടമകളും ഉറപ്പുവരുത്തണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി

റെസിഡൻഷ്യൽ മേഖലകളിൽ തൊഴിലാളി പാർപ്പിടങ്ങൾ പാടില്ല; മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി
dot image

മസ്‌കറ്റ് ഗവർണറേറ്റിലെ റെസിഡൻഷ്യൽ പരിസരങ്ങളിൽ അനധികൃതമായി തൊഴിലാളി പാർപ്പിടങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി. ജനസാന്ദ്രത വർദ്ധിക്കുന്നതും റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ അനധികൃത ഉപയോഗവും പരിസരവാസികളുടെ സ്വകാര്യ ജീവിതത്തെയും സുരക്ഷയെയും ബാധിക്കുമെന്നതിനാലാണ് നടപടി. ഭവന നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാൻ പ്രോപ്പർട്ടി ഉടമകളോടും തൊഴിലുടമകളോടും അധികൃതർ അഭ്യർത്ഥിച്ചു.

മസ്‌കറ്റ് ഗവർണറേറ്റിലെ കെട്ടിട ഉപയോഗം നിയന്ത്രിക്കുന്ന നിയമപ്രകാരം, റെസിഡൻഷ്യൽ, മിക്സഡ്-യൂസ് റെസിഡൻഷ്യൽ-കൊമേഴ്‌സ്യൽ ഏരിയകളിൽ സിംഗിൾ വർക്കർമാർക്കായി (ബാച്ചിലേഴ്‌സ്) കെട്ടിടങ്ങളോ സമുച്ചയങ്ങളോ നിർമ്മിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ ഒരേ കെട്ടിടത്തിൽ കുടുംബങ്ങളും ബാച്ചിലേഴ്‌സും ഒരുമിച്ച് താമസിക്കുന്നതിനും വിലക്കുണ്ട്. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിന് മുമ്പ് അവയുടെ അനുവദനീയമായ ഉപയോഗം ഭൂവുടമകളും പ്രോപ്പർട്ടി ഉടമകളും ഉറപ്പുവരുത്തണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

അതേസമയം, തൊഴിലുടമകളും സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികൾക്കായി അംഗീകൃത സ്ഥലങ്ങളിൽ അനുയോജ്യമായ താമസസൗകര്യം ഒരുക്കാൻ ബാധ്യസ്ഥരാണ്. ഈ താമസകേന്ദ്രങ്ങളിൽ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തൊഴിലാളികൾ താമസിക്കുന്നതിന് മുമ്പ് തന്നെ നിയമപരമായ അനുമതികൾ നേടിയിരിക്കണമെന്നും മസ്‌കറ്റിലുടനീളം സുരക്ഷിതവും സംഘടിതവുമായ റെസിഡൻഷ്യൽ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി ഓർമ്മിപ്പിച്ചു.

Content Highlights: Muscat Municipality warns property owners, landlords and employers against illegal worker accommodation in residential neighbourhoods, stressing compliance with housing regulations.

dot image
To advertise here,contact us
dot image