

ഒമാനിൽ പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് വിതരണത്തിലും പുതുക്കലിലും വൻ വർദ്ധനവ്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം പ്രവാസികൾക്കായി 3,00,112 ഡ്രൈവിങ് ലൈസൻസുകളാണ് ഒമാൻ നൽകുകയും പുതുക്കുകയും ചെയ്തത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന പ്രവാസി തൊഴിൽ ശക്തിയുടെയും ജനസംഖ്യാപരമായ മാറ്റങ്ങളുടെയും സൂചനയാണ് ഈ കണക്കുകൾ.
അതേസമയം, ഇതേ കാലയളവിൽ 2,27,718 ഡ്രൈവിങ് ലൈസൻസുകളാണ് ഒമാനി പൗരന്മാർക്കായി വിതരണം ചെയ്യുകയോ പുതുക്കി നൽകുകയോ ചെയ്തത്. ഇതോടെ 2025-ൽ ഒമാനിൽ ആകെ നൽകിയ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണം 5,27,830 ആയി ഉയർന്നു. 2024-ലെ 5,00,738 ലൈസൻസുകളെ അപേക്ഷിച്ച് 5.4 ശതമാനത്തിന്റെ വർദ്ധനവാണ് ആകെ ഇടപാടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നടപ്പിലാക്കിയ ആകെ ലൈസൻസ് നടപടികളിൽ 1,36,491 എണ്ണം പുതിയ ലൈസൻസുകളായിരുന്നു. ബാക്കിയുള്ള 3,91,339 എണ്ണം നിലവിലുള്ള ലൈസൻസുകൾ പുതുക്കി നൽകിയതുമാണ്. ഇടത്തരം കാലയളവിലെ വളർച്ച വിശകലനം ചെയ്യുമ്പോൾ ശ്രദ്ധേയമായ പുരോഗതിയാണ് ലൈസൻസ് വിതരണ രംഗത്തുണ്ടായിട്ടുള്ളത്.
2021-ൽ 3,38,990 പുതിയതും പുതുക്കിയതുമായ ഡ്രൈവിങ് ലൈസൻസുകളാണ് ഒമാനിൽ രേഖപ്പെടുത്തിയിരുന്നത്. നാല് വർഷം കൊണ്ട് 56 ശതമാനത്തിന്റെ കൂറ്റൻ വർദ്ധനവാണ് ഈ മേഖലയിലുണ്ടായിരിക്കുന്നത്. സുൽത്താനേറ്റിലുടനീളം അതിവേഗം നടക്കുന്ന സാമ്പത്തിക വളർച്ചയുടെയും നഗരവികസനത്തിന്റെയും കൃത്യമായ തെളിവാണ് ഈ സ്ഥിതിവിവരക്കണക്കുകൾ.
Content Highlights: The number of driving licences held by expatriates in Oman has increased significantly, putting foreign licence holders well ahead of Omani citizens. The latest figures highlight the growing presence of expatriates among licensed drivers in the country.