ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; ഇറാന് മുന്നിൽ സമവായ നിർദ്ദേശവുമായി ഒമാൻ, പിന്തുണച്ച് ഗൾഫ് രാജ്യങ്ങൾ

ഒമാന്റെ നിർദ്ദേശങ്ങളോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; ഇറാന് മുന്നിൽ സമവായ നിർദ്ദേശവുമായി ഒമാൻ, പിന്തുണച്ച് ഗൾഫ് രാജ്യങ്ങൾ
dot image

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇറാന് മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ച് ഒമാൻ. ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ പദ്ധതി പ്രകാരം കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് സന്നദ്ധ സംഭാവനയായി ഫീസ് ഈടാക്കാനാണ് നിർദ്ദേശം. യുഎസ്-ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സങ്ങൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് ഒമാൻ ഈ സമവായ ഫോർമുല തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഒമാന്റെ നിർദ്ദേശങ്ങളോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹോർമുസ് കടലിടുക്കിന്റെ എതിർകര നിയന്ത്രിക്കുന്ന ഒമാനുമായി ചേർന്ന് കടലിടുക്ക് ഇറാൻ മാത്രം നിയന്ത്രിക്കുമെന്നും കപ്പലുകളിൽ നിന്ന് സേവന ഫീസ് ഈടാക്കുമെന്നും ഇറാൻ നേരത്തെ നിലപാടെടുത്തിരുന്നു. എന്നാൽ യുഎസും ഇസ്രയേലും ആക്രമണം നടത്തുന്നതിന് മുമ്പുള്ളതുപോലെ കപ്പലുകൾക്ക് യാതൊരു ഫീസും നൽകാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയണമെന്നാണ് വാഷിംഗ്ടണിന്റെ ആവശ്യം. നിർബന്ധിത ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും യുഎസ് വ്യക്തമാക്കുന്നു.

അതേസമയം, യുദ്ധത്തിൽ തകർന്ന കപ്പലുകൾക്ക് മരവിപ്പിച്ച ഇറാനിയൻ ആസ്തികളിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി ഇറാനിയൻ സംയുക്ത സൈനിക കമാൻഡ് വീണ്ടും തള്ളി. അത്തരം നഷ്ടപരിഹാരം സ്വീകരിക്കുന്ന ഏതൊരു രാജ്യത്തിനും കമ്പനിക്കും ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം തടയുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

കപ്പലുകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള വഴികൾ ചർച്ച ചെയ്യാൻ ജിസിസി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു. പശ്ചിമേഷ്യൻ മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ജിസിസി രാജ്യങ്ങൾ മുന്നോട്ടുവെച്ചത്. ഒമാൻ വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സൈനിക നീക്കങ്ങൾക്കപ്പുറം രാഷ്ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ മേഖലയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തേണ്ടതാണെന്നും യോഗം വിലയിരുത്തി.

Content Highlights: Oman has stepped forward with a mediation proposal to address the ongoing crisis in the Strait of Hormuz involving Iran. The initiative has received support from Gulf countries seeking diplomatic solutions and stability in the region.

dot image
To advertise here,contact us
dot image