'ഇപ്പൊ ശരിയാക്കി തരാം… എന്റെ തല എന്‍റെ ഫുള്‍ ഫിഗര്‍';മലയാളി എപ്പോഴും പറയുന്ന ശ്രീനിവാസന്‍ ഡയലോഗുകള്‍

മലയാളികള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ശ്രീനിവാസന്‍ ഡയലോഗുകള്‍ ഏറെയാണ്

'ഇപ്പൊ ശരിയാക്കി തരാം… എന്റെ തല എന്‍റെ ഫുള്‍ ഫിഗര്‍';മലയാളി എപ്പോഴും പറയുന്ന ശ്രീനിവാസന്‍ ഡയലോഗുകള്‍
dot image

മലയാളിയുടെ നിത്യജീവിതത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്ന ഒരുപിടി ഡയലോഗുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് വിടവാങ്ങുന്നത്. സിനിമാക്കാര്‍ അവരുടെ സിനിമകളിലൂടെ മരണത്തെ അതിജീവിക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ശ്രീനിവാസന്റെ കാര്യത്തില്‍ ആ അതിജീവിക്കല്‍ നമ്മുടെ ദൈനംദിന ജീവിതത്തിലൂടെയായിരിക്കും. ശ്രീനിവാസന്‍ എഴുതിയ ഒരു ഡയലോഗ് പോലും പറയാതെ മലയാളിയുടെ ഒരു ദിവസം കടന്നുപോകാന്‍ സാധ്യതയില്ല.

നാടോടിക്കാറ്റില്‍ 'ഓരോന്നിനും അതിന്റേതായ സമയമുണ്ട്' എന്ന വിജയന്റെ വാക്കുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാകുമോ.. നാടോടിക്കാറ്റില്‍ ഈ ഒന്നല്ല, നമ്മള്‍ എടുത്തു പയറ്റുന്ന ഒരു നൂറ് ഡയലോഗുകള്‍ ഉണ്ട്. അങ്ങനെ… പവനായി… ശവമായി, എന്തൊക്കെയായിരുന്നു മലപ്പുറം കത്തി… മെഷീന്‍ ഗണ്‍, കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ് സാര്‍ എന്ന് തുടങ്ങി ഒരുപിടി ഡയലോഗുകള്‍.

സന്ദേശത്തില്‍ ജയറാമും ശ്രീനിവാസനും പരസ്പരം കൊണ്ടും കൊടുത്തും പറഞ്ഞു പോകുന്ന എത്രയോ വാചകങ്ങള്‍. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പല സന്ദര്‍ഭങ്ങളില്‍ നമ്മള്‍ മാറ്റിയും മറിച്ചും ഉപയോഗിക്കാറുണ്ട്. 'വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍' എന്ന് ഗൗരവം ചോരാത്ത നര്‍മപ്രയോഗം ശ്രീനിവാസനെ പോലെ അനായാസം സാധിക്കുന്ന എഴുത്തുകാര്‍ എത്രയോ കുറവാണ്.

Sandhesham movie

ആരുടെയെങ്കിലും മറുപടി പ്രതീക്ഷിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും ഒരു കാര്യത്തിനായോ ഏറെ നേരം കാത്തിരിക്കുമ്പോള്‍ ദേഷ്യം വന്ന് നമ്മള്‍ പറയാറില്ലേ 'തേങ്ങ ഒടയ്ക്ക് സ്വാമി…' എന്ന്. കാന്‍ഡിഡ് ഫോട്ടോ എടുക്കാന്‍ തിരക്ക് കൂട്ടമ്പോള്‍ നമ്മുടെ കൂട്ടുകാരില്‍ ആരെങ്കിലും ഒരാള്‍ തീര്‍ച്ചയായും പറയുന്ന ഒരു വാചകമുണ്ട് 'ഒച്ച ഫോട്ടോയില്‍ കിട്ടില്ല മിസ്റ്റര്‍..' എന്ന്. മിഥുനത്തിലും വടക്കുനോക്കി യന്ത്രത്തിലും ഇനിയുമേറെയുണ്ട് ഹിറ്റ് ഡയലോഗുകള്‍.

ഇംഗ്ലിഷ് അറിയാത്തവും അറിയുന്നവരുമായ എല്ലാവരും ഇടക്കിടെ പറയുന്ന മറ്റൊരു വാചകമാണ് 'how many kilometers from washington D C to Miami beach …' എന്നത്. ട്രിപ്പ് പോകുന്നതിനിടയില്‍ ഒരിക്കലെങ്കിലും ഈ ഡയലോഗ് പറഞ്ഞില്ലെങ്കില്‍ എന്തോ ഒരു കുറവുണ്ടല്ലോ എന്ന് തോന്നുന്നവര്‍ ഏറെയാണ്.

ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് ഒരു ഡയലോഗ് പറയാന്‍ ഒരിക്കലെങ്കിലും ട്രൈ ചെയ്തവര്‍ക്ക് അറിയാം 'അരിമണി പെറുക്കുന്നതിന്റെ കഷ്ടപ്പാട്'. തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കഴിഞ്ഞ അവസ്ഥയില്‍ ആയിപ്പോകുന്ന അനുഭവം ഇക്കാലത്തെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനും പറയാന്‍ ഏറെ കാണും.

ചാള്‍സ് ശോഭരാജിനെ മലയാളികളിലെ ഒരു വലിയ വിഭാഗത്തിന് പരിചയം സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലൂടെയായിരിക്കും. 'ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളു' എന്ന് തിലകന്റെ ദാമോദര്‍ജി പറയുന്നത് നമ്മളെല്ലാം പിന്നെ എത്രയോ തവണ ഉപയോഗിച്ചു. തമാശയായോ ആശ്ചര്യത്തിലോ ഒക്കെ ഈ വാചകം പല തവണ നമ്മുടെ നാവിന്‍തുമ്പിലെത്തി.

എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ വേണമെന്നും വേണ്ടയെന്നും മലയാളികള്‍ ഇടക്കിടെ ചുറ്റുമുള്ളവരോട് പറയാറുണ്ട്. അഹങ്കാരികളെന്ന് തോന്നുന്നവരെ കുറിച്ച് സൂചിപ്പിക്കാനും അധികവും ഉപയോഗിക്കുന്നത് ഈ വാചകം തന്നെ. ഉദയനാണ് താരത്തിലെ സരോജ് കുമാറായി മലയാള സിനിമയെ മാത്രമല്ല മലയാളികളുടെ സ്വഭാവത്തെ കൂടിയായിരുന്നു ശ്രീനിവാസന്‍ ട്രോളിയത്.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട, ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു വാചകവും പിറന്നത് ശ്രീനിവാസന്റെ മനസില്‍ നിന്ന് തന്നെയാണ്. എന്ത് പ്രശ്‌നം വന്നാലും മുന്നും പിന്നും നോക്കാതെ നമ്മള്‍ പറയുന്ന വാചകം 'ഇപ്പൊ ശരിയാക്കി തരാം…'

മലയാളികള്‍ക്ക് പറഞ്ഞ് ചിരിക്കാനും ട്രോളാനും ആശ്വസിപ്പിക്കാനുമെല്ലാമായി ഇത്രയേറെ വാചകങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്രീനിവാസന്‍ യാത്രയാകുമ്പോള്‍ കണ്ണീരോടയല്ലാതെ സിനിമാപ്രേക്ഷകര്‍ക്ക് ഇന്നത്തെ ദിവസം കടന്നുപോകാനില്ല. പക്ഷെ അപ്പോഴും മനസില്‍ ചിരി പടര്‍ത്താന്‍ ഏതെങ്കിലും ഒരു ശ്രീനിവാസന്‍ ഡയലോഗ് നമ്മുടെ കൂട്ടിനെത്തും.

Content Highlights: Sreenivasan's hit dialogues in movies

dot image
To advertise here,contact us
dot image