'യുഎഇയില്‍ നിന്നും വാരുന്നത് കോടികള്‍': ഡ്യൂട്ടി ഫ്രീ മില്ലേനിയം, ബിഗ് ടിക്കറ്റ് വിജയികളായി മലയാളികൾ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന 527-ാം സീരീസ് നറുക്കെടുപ്പിലാണ് 32കാരനായ ജോമി വിജയിയായത്

'യുഎഇയില്‍ നിന്നും വാരുന്നത് കോടികള്‍': ഡ്യൂട്ടി ഫ്രീ മില്ലേനിയം, ബിഗ് ടിക്കറ്റ് വിജയികളായി മലയാളികൾ
dot image

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ലോട്ടറി നറുക്കെടുപ്പിലും അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലുമായി മലയാളികളെ തേടിയെത്തിയത് വമ്പൻ സമ്മാനങ്ങൾ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ലോട്ടറി നറുക്കെടുപ്പിൽ 10 ലക്ഷം ഡോളറാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ താമസിക്കന്ന ജോമി ജോണിനെ തേടിയെത്തിയത്. ഏകദേശം 8.3 കോടി രൂപയാണ് ജോമി ജോണിന് ലഭിച്ചിരിക്കുന്നത്. സമാനമായി അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സായ ടിന്റു ജെസ്മോന് ഒരു ലക്ഷം ദിർഹവും സമ്മാനമായി ലഭിച്ചു. ഏകദേശം 24.56 ലക്ഷം രൂപയാണിത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന 527-ാം സീരീസ് നറുക്കെടുപ്പിലാണ് 32കാരനായ ജോമി വിജയിയായത്. ഈ മാസം അഞ്ചിന് ഓൺലൈനായാണ് ജോമി ടിക്കറ്റെടുത്തത്. 4002 ആണ് ടിക്കറ്റ് നമ്പർ. ഒമ്പത് സഹപ്രവർത്തകർക്കൊപ്പമാണ് ജോമി ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. ഏകദേശം രണ്ട് വർഷമായി ഈ സുഹൃത്തുക്കൾ ഓരോത്തരുടെ പേരിൽ ടിക്കറ്റുകളെടുക്കും. ഒടുവിൽ ജോമിയുടെ പേരിലുള്ള ടിക്കറ്റിനെ ഭാ​ഗ്യം തേടിയെത്തി. ദോഹയിൽ ഡ്രാഫ്റ്റ്‌സ്മാനായാണ് ജോമി ജോലി ചെയ്യുന്നത്.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ലോട്ടറി നറുക്കെടുപ്പിൽ വിജയിയായിതിന് പിന്നാലെ പ്രതികരണവുമായി ജോമി രം​ഗത്തെത്തി. സത്യം പറഞ്ഞാൽ ഈ നേട്ടം വിശ്വസിക്കാനാവുന്നില്ലെന്നാണ് ജോമിയുടെ വാക്കുകൾ. ദുബായ് ഡ്യൂട്ടി ഫ്രീക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ ഈ കൊച്ചു സംഘത്തിന് ലഭിച്ച വലിയൊരു അനുഗ്രഹമാണിതെന്ന് ജോമി വ്യക്തമാക്കി.

Also Read:

യുഎഇയില്‍ താമസിക്കുന്ന മലയാളി നഴ്സായ ടിന്റു ജെസ്മോൻ അഞ്ച് വർഷമായി ബി​ഗ് ടിക്കറ്റെടുക്കുന്ന ആളാണ്. എന്നാൽ ഇതാദ്യമായാണ് ടിന്റുവിനെ ഭാ​ഗ്യം തുണയ്ക്കുന്നത്. അജ്മാനില്‍ താമസിക്കുന്ന ടിന്റുവിന് 40 വയസുണ്ട്. കഴിഞ്ഞ 15 വർഷമായി യുഎഇയിലാണ് ടിന്റുവിന്റെ ജീവിതം.

നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടിന്റു പറഞ്ഞു. വർഷങ്ങളായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. 'സമൂഹമാധ്യമങ്ങളിലൂടെയാണ് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. പിന്നീട് ബിഗ് ടിക്കറ്റില്‍ വിജയിച്ച സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ബിഗ് ടിക്കറ്റിനെ കുറിച്ചും സമ്മാനഘടനയെ കുറിച്ചും കൂടുതലറിയാന്‍ സാധിച്ചു.' ടിന്റു കൂട്ടിച്ചേർത്തു.

Content Highlights: Malayali expatriates win Abu Dhabi Big Ticket and Dubai Duty Free Millennium Millionaire draws

dot image
To advertise here,contact us
dot image