'അടിപൊളി ചേട്ടാ', സഞ്ജുവിനെ ലോകകപ്പ് ടീമിലെടുത്തതില്‍ പ്രതികരിച്ച് രവിചന്ദ്രന്‍ അശ്വിന്‍

'എന്റെ തമ്പി സഞ്ജു' എന്നാണ് അശ്വിൻ മലയാളി താരത്തെ അഭിസംബോധന ചെയ്തത്

'അടിപൊളി ചേട്ടാ', സഞ്ജുവിനെ ലോകകപ്പ് ടീമിലെടുത്തതില്‍ പ്രതികരിച്ച് രവിചന്ദ്രന്‍ അശ്വിന്‍
dot image

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ‌ സ്ഥാനം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ ലോകകപ്പ്‌ ടീമിലിണ്ടായിട്ടും ഒറ്റ മത്സരത്തിലും അവസരം ലഭിക്കാതിരുന്ന സഞ്ജു ഇത്തവണ ഒന്നാം വിക്കറ്റ് കീപ്പറായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമിൽ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഓപ്പണറുമാകും.

ഇപ്പോഴിതാ സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടംലഭിച്ചതിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻതാരവും സഞ്ജുവിന്റെ വളരെയടുത്ത സുഹൃത്തുമായ രവിചന്ദ്രൻ അശ്വിൻ‌. എക്സ് പോസ്റ്റിലൂടെയാണ് സഞ്ജുവിന് ലഭിച്ച വലിയ അം​ഗീകാരത്തിലുള്ള സന്തോഷം അശ്വിൻ പ്രകടിപ്പിച്ചത്. 'എന്റെ തമ്പി സഞ്ജു' എന്നാണ് അശ്വിൻ മലയാളി താരത്തെ അഭിസംബോധന ചെയ്തത്.

'കിരീടം നിലനിർ‌ത്താനുള്ള പോരാട്ടം ആരംഭിക്കുകയാണ്. മികച്ച സ്ക്വാഡാണിത്. റിങ്കു ടീമിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷം. എന്റെ തമ്പി സഞ്ജുവിനെകുറിച്ചും ‌സന്തോഷം, അഭിഷേകിനൊപ്പം ഓപ്പണറായി എത്തുകയാണ് സഞ്ജു. അടിപൊളി ചേട്ടാ! ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ശക്തമായ പ്രകടനം പുറത്തെടുത്ത് ടീമിലെത്തിയ ഇഷാനും വലിയ കൈയ്യടി', അശ്വിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുത്തപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.

Content Highlights: Adipoli Chetta: R Ashwin's Reaction on Sanju Samson's inclusion in T20 World Cup squad

dot image
To advertise here,contact us
dot image