സോഷ്യൽ മീഡിയയിൽ മാധ്യമപ്രവർത്തനത്തിന് പ്രത്യേക ലൈസൻസ് വേണം; നിയമവുമായി ഒമാൻ

ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് നടപടി

സോഷ്യൽ മീഡിയയിൽ മാധ്യമപ്രവർത്തനത്തിന് പ്രത്യേക ലൈസൻസ് വേണം; നിയമവുമായി ഒമാൻ
dot image

ഒമാനില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള മാധ്യമ പ്രവര്‍ത്തനത്തിന് ഇനി മുതല്‍ പ്രത്യേക ലൈസന്‍സ് നേടണം. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് നടപടി.

ഒമാനില്‍ സോഷ്യല്‍ മീഡിയയിലൂടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരും പ്രത്യേക ലൈസന്‍സ് നേടണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഇപ്പോള്‍ നിവിലുള്ളതും പുതിയതായി ആരംഭിക്കുന്ന മാധ്യമ സംരഭങ്ങള്‍ക്കും നിയമം ഒരു പോലെ ബാധകമാണ്. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പ്രതിപാദിക്കുന്ന നിയമത്തില്‍ 144 അനുച്ഛേദങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ലൈസന്‍സ് നേടിയവര്‍ക്ക് പുതിയ നിയമപ്രകാരമുളള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് 180 ദിവസം അനുവദിക്കും. ഒമാനി മാധ്യമങ്ങളുടെ വികസനത്തില്‍ പുതിയ നിയമം നിര്‍ണായക നാഴികക്കല്ലായി മാറുമെന്ന് ഇന്‍ഫര്‍ മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല നാസര്‍ അല്‍ ഹരാസി പറഞ്ഞു.

ഡിജിറ്റല്‍ വിഭാഗത്തിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സംഭവിക്കുന്ന അതിവേഗത്തിലുള്ള മാറ്റങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിശാലമായ നിക്ഷേപാവസരങ്ങള്‍ തുറക്കുന്നതിനൊപ്പം ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കാനും പുതിയ നിയമത്തിലൂടെ കഴിയും. പ്രൊഫഷനലിസവും സുതാര്യതയും ഉറപ്പാക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥകള്‍. ബൗദ്ധിക നിലവാരം ഉയര്‍ത്തുന്നതിനും മാധ്യമങ്ങളിലും പൊതുജനങ്ങളിലും ആത്മവിശ്വാസം വളര്‍ത്തുന്നതിനും പുതിയ നിയമത്തിലൂടെ കഴിയുമെന്നും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു.

Content Highlights: Special license must be obtained for media activities through social media in Oman

dot image
To advertise here,contact us
dot image