
തിരുവനന്തപുരം: വിതുര മണിയൻ സ്വാമിയുടെ മരണത്തിൽ കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫിസർ പൊലീസിൽ കീഴടങ്ങി. ആര്യനാട് വില്ലേജ് ഓഫിസർ സി പ്രമോദാണ് വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മണിയൻ സ്വാമിയെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പൊന്മുടി സംസ്ഥാന ഹൈവേയിൽ വച്ച് പ്രമോദ് കാറിടിച്ചു തെറിപ്പിച്ചത്. തുടർന്ന് വാഹനം നിർത്താതെ പോയി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായി ക്ഷതമേറ്റ ഇദ്ദേഹത്തെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രമോദ് ഓടിച്ചിരുന്ന കാർ വിതുര പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ദിവസം മുൻപ് കണ്ടെത്തിയിരുന്നു. ഇതിനിടെ ഇയാൾ ഒളിവിൽപ്പോയി. അന്വേഷണം പുരോഗമിക്കവെയാണ് ഇന്ന് ഇദ്ദേഹം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അമ്മയ്ക്ക് ഇൻസുലിൻ എടുക്കാൻ തിരിക്കിട്ട് പോകുന്നതിനിടെ അപ്രതീക്ഷിതമായി വയോധികൻ റോഡിനു കുറുകെ കയറിയെന്നും മുന്നിൽ വേറെ വാഹനം ഉണ്ടായിരുന്നതിനാൽ അവസാന നിമിഷം വാഹനം വെട്ടിത്തിരിക്കാൻ കഴിഞ്ഞില്ലെന്നും വില്ലേജ് ഓഫിസർ മൊഴി നൽകിയതായി വിതുര പൊലീസ് പറഞ്ഞു. വർഷങ്ങളായി വിതുരയിലെ പൂവാട്ട് പള്ളിക്കു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മണിയൻ താമസിച്ചിരുന്നത്. സംഭവത്തിൽ പ്രമോദിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Content Highlight; Vithura Maniyan Swamy's death; Village officer who was driving the car surrenders to police