
ഒമാനെയും ചൈനയെയും ബന്ധിപ്പിച്ച് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ 30 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബീജിംഗില്‍ നിന്ന് മസ്‌ക്കറ്റിലേക്കും തിരിച്ചുമായിരിക്കും സര്‍വീസ് നടത്തുക. തുടക്കത്തില്‍ ഞായര്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക.
പൈതൃക- ടൂറിസം മന്ത്രാലയത്തിന്റെയും മസ്‌കത്തിലെ ചൈനീസ് എംബസിയുടെയും സഹകരണത്തോടെയാണ് പുതിയ റൂട്ട് ആരംഭിക്കുന്നത്. 299 സീറ്റുകളുള്ള എയര്‍ ബസ് എ 330-300 വിമാനങ്ങളാകും സര്‍വീസിന് ഉപയോഗിക്കുക. പുതിയ വിമാന സര്‍വീസ് ടൂറിസം, നിക്ഷേപ മേഖലകള്‍ക്ക് സഹായമാകുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് സി ഇ ഒ അഹ്‌മദ് ബിന്‍ സഈദ് അല്‍ അംറി പറഞ്ഞു. നേരിട്ടുള്ള സർവീസ് ടൂറിസം വർദ്ധിപ്പിക്കാനും നിക്ഷേപ സാധ്യതകൾ ശക്തിപ്പെടുത്താനും ഏവിയേഷന്റെയും ലോജിസ്റ്റിക്‌സിന്റെയും ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അൽ അംറി കൂട്ടിച്ചേർത്തു.
ഈ സഹകരണം ഒമാനും ചൈനയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെയാണ് പ്രതിഫലിക്കുന്നതെന്ന് ചൈന ഈസ്‌റ്റേൺ എയർലൈൻസ് ടീം തലവൻ ലി ബിൻ പറഞ്ഞു. പുതിയ വിമാനങ്ങൾ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ നൽകുമെന്നും വ്യാപാരത്തിനും സാമ്പത്തിക വിനിമയത്തിനും പുതിയ സാധ്യതകൾ തുറക്കുമെന്നും അല്‍ അംറി പ്രതികരിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ഒമാന്റെ ടൂറിസം വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും കാർഗോ, ലോജിസ്റ്റിക്സ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒമാൻ എയർപോർട്ട്‌സിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സർവീസ്.
Content Highlights: China Eastern Airlines to launch direct flights to Oman from November 30