
ഒമാനില്‍ ഔദ്യോഗിക പരാതി പോര്‍ട്ടലുകളുടെ രൂപത്തില്‍ വ്യാജ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. ഇത്തരം സൈറ്റുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. പരാതികളും റിപ്പോര്‍ട്ടുകളും സ്വീകരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെട്ടാണ് വ്യാജ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക പോര്‍ട്ടലിന്റെ അതേ മാതൃകയിലാണ് ഇത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
വ്യാജ വെബ്‌സൈറ്റ് വഴി പ്രവാസികള്‍ അടക്കം നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റോയല്‍ ഒമാന്‍ പോലീസ് കുറ്റാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത, ബാങ്കിങ് വിവരങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്നും സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുമ്പോഴോ പൊലീസ് സേവനങ്ങള്‍ തേടുമ്പോഴോ ഔദ്യോഗിക പ്ലാറ്റ് ഫോം മാത്രം തെരഞ്ഞടുക്കണം. പരാതികള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവക്കായി വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആവശ്യപ്പെടാറില്ലെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇത്തരം സേവനങ്ങള്‍ സൗജന്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Royal Oman Police warns public against fake complaint websites