
യുഎഇയുടെ സ്വപ്‌ന പദ്ധതിയായ എത്തിഹാദ് റെയിലിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ദുബായില്‍ നിന്ന് അബൂദബിയിലേക്ക് അര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകും. അടുത്ത വര്‍ഷം പാസഞ്ചര്‍ ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കാനുളള അവസാന വട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
പൊതു ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് യുഎഇ. എത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുളള പാസഞ്ചര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. യു എ ഇയുടെ ദേശീയ റെയില്‍വേ ശൃംഖലയുടെ ഭാഗമായ ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിവിധ എമിറേറ്റുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാൻ കഴിയും.
ദുബായില്‍ നിന്നും അബുദാബിയിലേക്കുളള യാത്രക്ക് വെറും അര മണിക്കൂര്‍ മാത്രമാണ് വേണ്ടിവരിക. റോഡ് മാര്‍ഗമുളള യാത്രക്ക് ഒന്നര മണിക്കൂറിലേറെ വേണ്ടി വരുമെന്നതിനാല്‍ യാത്രക്കാരെ സബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതാണ് എത്തിഹാദ് റെയില്‍ പദ്ധതി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ട്രെയിനുകളാണ് സര്‍വീസിനായി സജ്ജമാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെ നാല് പ്രധാന സ്റ്റേഷനുകളില്‍ നിന്ന് 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചാകും സര്‍വീസ് ആരംഭിക്കുക. പിന്നാലെ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഓരോ ട്രെയിനിലും 400ലധികം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
2030 ഓടെ പ്രതിവര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് ഇത്തിഹാദ് റെയില്‍ പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെ മൂന്ന് തരം സീറ്റിംഗ് ഓപ്ഷനുകള്‍ ഉണ്ടാകും. ഓരോ കോച്ചിലും വൈഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ചാര്‍ജിങ് പോയിന്റുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭ്യമാകും. ഇതിന് പുറമെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള സൗകര്യങ്ങളും ട്രെയിനില്‍ സജ്ജമാക്കും.
റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാര്‍ബണ്‍ ഉപയോഗം നിയന്ത്രിക്കാനും ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
Content Highlights: UAE's dream project, Etihad Rail, is in its final stages