സെഞ്ച്വറിക്കരി​കിൽ ജഡ‍േജ വീണു, പ്രതീക്ഷകൾ തോളിലേറ്റ് ​ഗില്ലിന്റെ ബാറ്റിങ്

ജഡ‍േജയും ​ഗില്ലും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർബോർഡ് മുന്നോട്ട് നയിച്ചത്.

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ മികച്ച സ്കോറിനായി ഇന്ത്യൻ പോരാട്ടം തുടരുന്നു. രണ്ടാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 419 റൺസെന്ന നിലയിലാണ്. 89 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിവസം ഇന്ത്യയ്ക്ക് നഷ്ടമായത്. 168 റൺസുമായി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിലാണ് ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷകൾ.

നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. ജഡ‍േജയും ​ഗില്ലും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർബോർഡ് മുന്നോട്ട് നയിച്ചത്. 137 പന്തുകൾ നേരിട്ട ജഡേജ 10 ഫോറും ഒരു സിക്സറും സഹിതമാണ് 89 റൺസെടുത്തത്. 288 പന്തിൽ 18 ഫോറും ഒരു സിക്സറും സഹിതം 168 റൺസുമായി ​ഗിൽ പുറത്താകാതെ നിൽക്കുകയാണ്. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 203 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഒരു റൺസുമായി വാഷിങ്ടൺ സുന്ദർ ​ഗില്ലിന് കൂട്ടായി ക്രീസിലുണ്ട്.

ഒന്നാം ദിവസം ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാൾ 87 റൺസ് നേടിയിരുന്നു. 107 പന്തിൽ 13 ഫോറുകൾ സഹിതമാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്. ഇം​ഗ്ലണ്ട് നിരയിൽ ക്രിസ് വോക്സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ബ്രൈഡൻ കാർസ്, ജോഷ് ടങ്, ബെൻ സ്റ്റോക്സ്, ഷുഹൈബ് ബഷീർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Shubman Gill Solid But Ravindra Jadeja Misses Out On Ton

dot image
To advertise here,contact us
dot image