
മസ്ക്കറ്റ്: ഒറ്റ വിസയില് ആറ് ജിസിസി രാജ്യങ്ങള് സന്ദര്ശിക്കാന് കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം. മസ്കത്തില് ചേര്ന്ന ഗള്ഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത്തെ യോഗത്തിലാണ് ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്കിയത്. അധികം വൈകാതെ വിസ പൊതുജനങ്ങള്ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് അധികൃതര് അറിയിച്ചിരിക്കുന്നത്.
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില് വ്യാജ ഫോണ് കോളുകൾ; പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ്ഏകീകൃത ടൂറിസ്റ്റ് വിസ നിലവില് വരുന്നതോടെ ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്ക്ക് യുഎഇ, സൗദി അറേബ്യ, ഖത്തര്, ഒമാന്, കുവൈറ്റ്, ബഹ്റൈന് തുടങ്ങിയ ഗള്ഫ് രാജ്യങ്ങള് സന്ദർശിക്കാവുന്നതാണ്. വിവിധ ഗള്ഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ നിരക്കില് ഒരൊറ്റ സന്ദര്ശനത്തില് കണ്ട് മടങ്ങാന് കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു ആകര്ഷണം.
ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന് സ്വീകരിക്കേണ്ട വിവിധ നടപടികള് യോഗം വിശദമായി ചര്ച്ച ചെയ്തു. ജിസിസി രാജ്യങ്ങളുടെ അവസരങ്ങളും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് ഏകീകൃത ടൂറിസ്റ്റ് വിസയെന്ന് യോഗം വിലയിരുത്തി. അടുത്തിടെ അബുദബിയില് നടന്ന ഫ്യൂചര് ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ജിസിസി ടൂറിസ്റ്റ് വിസ നടപ്പിലാക്കാനുളള തീരുമാനം ആദ്യമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള് ജിസിസി രാജ്യങ്ങള് ഊര്ജ്ജിതമാക്കുകയും ചെയ്തിരുന്നു.
ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള് പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോഗം തുടക്കം കുറിച്ചു. ഒമാന് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന് ഫൈസല് അല് ബുസൈദിയാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്.