ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്ത ചികിത്സകൾക്ക് വിലക്ക്; സൈക്കോതെറാപ്പിക്ക് പുതിയ നിയമങ്ങളുമായി കുവൈറ്റ്

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ രംഗത്തെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി

ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്ത ചികിത്സകൾക്ക് വിലക്ക്; സൈക്കോതെറാപ്പിക്ക് പുതിയ നിയമങ്ങളുമായി കുവൈറ്റ്
dot image

മാനസികാരോഗ്യ ചികിത്സാ രംഗത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത വിവിധ ചികിത്സാ രീതികൾക്കും ആത്മീയ ചികിത്സകൾക്കും വിലക്ക് ഏർപ്പെടുത്തുന്ന പുതിയ സൈക്കോതെറാപ്പി നിയമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 225 പ്രകാരമാണ് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സൈക്കോതെറാപ്പി സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നത്.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ രംഗത്തെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നിയമങ്ങൾ പ്രകാരം ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലാത്ത ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുകയോ നൽകുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഊർജചികിത്സ (Energy Therapy), ആത്മീയ ചികിത്സ (Spiritual Healing), റെയ്കി (Reiki), പ്രാണിക് ഹീലിംഗ് (Pranic Healing), വ്യാജ ഹിപ്നോസിസ്, ആസ്ട്രൽ പ്രൊജക്ഷൻ, കോസ്മിക് ഹീലിംഗ്, ‘സ്റ്റാർ സീഡ്സ്’ ആശയങ്ങൾ, കല്ലുകളും ക്രിസ്റ്റലുകളും ഉപയോഗിച്ചുള്ള ചികിത്സകൾ, ലോ ഓഫ് അട്രാക്ഷൻ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ എന്നിവ നിരോധിച്ച പട്ടികയിൽ ഉൾപ്പെടുന്നു. സ്യൂഡോതെറാപ്പികൾ, ശബ്ദ തരംഗ ചികിത്സ, കളർ തെറാപ്പി, സൈക്കോളജിക്കൽ യോഗ തുടങ്ങിയവയ്ക്കും വിലക്കുണ്ട്. അതേസമയം ലൈഫ് കോച്ചിംഗ്, വ്യക്തിത്വ വികസന പരിശീലനങ്ങൾ എന്നിവയും അംഗീകൃത ലൈസൻസിംഗ് സംവിധാനത്തിന് പുറത്തായി നടത്താൻ അനുവദിക്കില്ല.

സൈക്കോതെറാപ്പി രംഗത്തെ ഔദ്യോഗിക പദവികളും പുതിയ നിയമങ്ങളിൽ നിർവചിച്ചിട്ടുണ്ട്. സീനിയർ സൈക്കോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികകൾക്ക് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അപ്ലൈഡ് ബിഹേവിയർ അനാലിസിസ് മേഖലയ്ക്കായി പ്രത്യേക ലൈസൻസിംഗ് വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് നേടുന്നതിനായി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അക്കാദമിക് യോഗ്യത നിർബന്ധമാണ്. വിദേശ സർവകലാശാലകളിൽ നിന്ന് നേടിയ ബിരുദങ്ങൾക്ക് കുവൈറ്റിൽ ഔദ്യോഗിക സമത്വ അംഗീകാരം (Equivalency) നേടണമെന്നും നിയമം ചൂണ്ടിക്കാട്ടുന്നു. കൂടാതെ നേരിട്ടുള്ള ക്ലാസ് അറ്റൻഡൻസോഡുകൂടിയ പഠനവും ലൈസൻസുള്ള ആരോഗ്യസ്ഥാപനങ്ങളിൽ മേൽനോട്ടത്തോടെയുള്ള ക്ലിനിക്കൽ പരിശീലനവും നിർബന്ധമാക്കിയിട്ടുണ്ട്. നിശ്ചിത എണ്ണം നേരിട്ടുള്ള ചികിത്സാ സെഷനുകൾ പൂർത്തിയാക്കിയതിന്റെ രേഖകളും അപേക്ഷകർ ഹാജരാക്കണം. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാനസികാരോഗ്യ സേവനങ്ങൾ മാത്രമേ രാജ്യത്ത് പ്രോത്സാഹിപ്പിക്കുകയുള്ളുവെന്ന സന്ദേശമാണ് പുതിയ നിയമങ്ങളിലൂടെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: Kuwait has introduced new psychotherapy regulations that prohibit non scientific treatment practices and establish stricter licensing requirements for mental health professionals

dot image
To advertise here,contact us
dot image