2026 CTR-JK ടയർ FMSCI കാർ റേസിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം; ഒരൊറ്റ ടൈറ്റിലിനായി വൻ പോരാട്ടം!

ഇന്ത്യയിലെ സർക്യൂട്ട് റേസിംഗിന്റെ മാതാവായ ഈ നാഷണൽ ചാമ്പ്യൻഷിപ്പ് 1997-ലാണ് ആരംഭിച്ചത്.

2026 CTR-JK ടയർ FMSCI കാർ റേസിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം; ഒരൊറ്റ ടൈറ്റിലിനായി വൻ പോരാട്ടം!
dot image

ഇന്ത്യൻ മോട്ടോർ സ്പോർട്സ് പ്രേമികൾ കാത്തിരുന്ന 2026 സീസൺ CTR-JK ടയർ FMSCI ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ചെന്നൈയിൽ നടന്നു.

കായിക രംഗത്തെ പ്രമുഖർ, സർക്കാർ പ്രതിനിധികൾ, ചാമ്പ്യൻഷിപ്പ് ടീമുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് പുതിയ സീസണിന് തുടക്കമായത്.

തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി തിരു ജെ. മേഘനാഥ റെഡ്ഡി (I.A.S.) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എഫ്.ഐ.എ വേൾഡ് മോട്ടോർ സ്പോർട്സ് കൗൺസിൽ അംഗവും ഇന്റർനാഷണൽ കാർട്ടിംഗ് കമ്മീഷൻ പ്രസിഡന്റുമായ അക്ബർ ഇബ്രാഹിം, FMSCI പ്രസിഡന്റ് അരിന്ദം ഘോഷ്, ചെന്നൈ ടർബോ റൈഡേഴ്സ് (CTR) ഡയറക്ടർ ഡോ. ശ്വേത സുന്ദീപ് ആനന്ദ്, JK ടയർ ആന്റ് ഇൻഡസ്ട്രീസ് സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ ശ്രീനിവാസു അല്ലഫാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിലെ സർക്യൂട്ട് റേസിംഗിന്റെ മാതാവായ ഈ നാഷണൽ ചാമ്പ്യൻഷിപ്പ് 1997-ലാണ് ആരംഭിച്ചത്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഇന്ത്യൻ മോട്ടോർ സ്പോർട്സ് രംഗത്തെ യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച JK ടയറിനൊപ്പം, ചെന്നൈ ടർബോ റൈഡേഴ്സ് (CTR) കൂടി കൈകോർക്കുന്നതോടെ ഇത്തവണത്തെ ചാമ്പ്യൻഷിപ്പ് കൂടുതൽ ആവേശകരമാകും. നരെയ്ൻ കാർത്തികേയൻ, കരുൺ ചന്ദോക്, അർമാൻ ഇബ്രാഹിം, ആദിത്യ പട്ടേൽ, കുഷ് മൈനി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഈ പോരാട്ട ഭൂമിയിലൂടെ ഉയർന്നുവന്നവരാണ്.

"ഒരു പാരമ്പര്യം നിലനിർത്താൻ മാത്രമല്ല, അത് കൂടുതൽ ശക്തിപ്പെടുത്താനാണ് ഞങ്ങൾ ഇവിടെയുള്ളത്. മുൻപുള്ള എല്ലാ സീസണുകളേക്കാളും കൂടുതൽ ആരാധകരും മാധ്യമശ്രദ്ധയും നേടുന്ന ഒന്നായിരിക്കും ഈ 29-ാം സീസൺ," എന്ന് ചടങ്ങിൽ CTR ഡയറക്ടർ ഡോ. ശ്വേത സുന്ദീപ് ആനന്ദ് വ്യക്തമാക്കി.

മത്സരക്രമം (റേസ് കലണ്ടർ):

സെപ്റ്റംബർ 11 മുതൽ കോയമ്പത്തൂരിലെ കരി മോട്ടോർ സ്പീഡ്‌വേയിലാണ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് ആരംഭിക്കുന്നത്. ചാമ്പ്യൻഷിപ്പിലെ മുഴുവൻ സെഷനുകളും തത്സമയം സംപ്രേക്ഷണം ചെയ്യും.

റൗണ്ട് 01: സെപ്റ്റംബർ 11 – 13, 2026 (കരി മോട്ടോർ സ്പീഡ്‌വേ, കോയമ്പത്തൂർ)

റൗണ്ട് 02: ഒക്ടോബർ 23 – 25, 2026 (കരി മോട്ടോർ സ്പീഡ്‌വേ, കോയമ്പത്തൂർ)

റൗണ്ട് 03: നവംബർ 13 – 15, 2026 (BREN റേസ്‌വേ, ബംഗളൂരു)

റൗണ്ട് 04 (ഗ്രാൻഡ് ഫിനാലെ): ഡിസംബർ 11 – 13, 2026 (മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ട്, ചെന്നൈ)

ഡിസംബറിൽ ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ഇത്തവണത്തെ ദേശീയ ചാമ്പ്യന്മാരെ കിരീടമണിയിക്കും.

content highlights: ctr jk-tyre fmsci indian national car racing championship 2026 season launch

dot image
To advertise here,contact us
dot image