

കൊച്ചി: മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ വി ഡി സതീശന്‍ എന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ കല്‍പ്പറ്റ നാരായണന്‍. ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. യുഡിഎഫ് വിജയം വിസ്മയമല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള മാറ്റമാണെന്നും കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.
'ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് ഉണ്ടായത്. ജനങ്ങളോടുള്ള അധിക്ഷേപം ഉണ്ട് അതില്‍. യുഡിഎഫ് വിജയം വിസ്മയമല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള മാറ്റമാണ്. മാറ്റത്തിന് കിട്ടിയ വോട്ടാണെന്ന് അധികാരത്തില്‍ വരുന്നവര്‍ മനസ്സിലാക്കണം. വി ഡി സതീശന്‍ ഇതിന്റെയൊക്കെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്. അയാളുടെ കാല്‍ക്കുലേഷന്‍ കറക്ട് ആയിരുന്നു. അതിനര്‍ത്ഥം അവര്‍ക്ക് പൊളിറ്റിക്കല്‍ ഗ്രൗണ്ടിനെക്കുറിച്ച് അറിയാം എന്നതാണ്. വളരെ ആത്മാര്‍ത്ഥമായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിച്ചത്. മലബാറില്‍ അവരുടെ സ്വാധീനം അത്ര പ്രധാനമായിരുന്നു', എന്നായിരുന്നു കല്‍പ്പറ്റ നാരായണന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കല്‍പ്പറ്റ നാരായണന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേരത്തെ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നും മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാല്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നതാണെന്നുമാണ് കത്തില്‍ സൂചിപ്പിക്കുന്നത്. എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്നും കത്തിലൂടെ അറിയിച്ചിരുന്നു.
വി ഡി സതീശനെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫും രംഗത്തെത്തിയിരുന്നു.
വി ഡി സതീശന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കാണിക്കേണ്ടതെന്നായിരുന്നു സാറാ ജോസഫ് അഭിപ്രായപ്പെട്ടത്.
Content Highlights: kalpetta narayanan Support V D Satheesan Over Chief Minister Post