

സമുദ്ര അതിര്‍ത്തി വഴി കുവൈറ്റിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിലെ നാലംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കുവൈറ്റില്‍ നിരവധി ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.
കുവൈറ്റിന്റെ സമുദ്ര അതിര്‍ത്തിയിലൂടെ ബൂബിയാന്‍ ദ്വീപ് ലക്ഷ്യമാക്കിയാണ് നാലംഗ സംഘം നുഴഞ്ഞു കയറാനുള്ള ശ്രമം നടത്തിയത്. രാജ്യത്ത് നിരവധി ആക്രമണ പദ്ധതികള്‍ നടപ്പിലാക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ചോദ്യം ചെയ്യലില്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം ഇവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
പ്രത്യേകമായി വാടകയ്ക്ക് എടുത്ത മീന്‍പിടുത്ത ബോട്ടിലായിരുന്നു ഇവര്‍ എത്തിയത്. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കുവൈറ്റ് സായുധ സേനയിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത് എങ്കിലും നാല് പേരെ മാത്രമാണ് പിടി കൂടാന്‍ സാധിച്ചത്. അവശേഷിക്കുന്നവര്‍ കടന്നു കളഞ്ഞതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ കര, വ്യോമ, സമുദ്ര അതിര്‍ത്തികളില്‍ കനത്ത ജാഗ്രത പുലര്‍ത്തി വരികയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Content Highlights: Kuwait security authorities have arrested a four-member Iranian group accused of attempting to infiltrate the country through sea borders. The incident has raised concerns over maritime border security, with officials continuing investigations into the illegal entry attempt.