മാസം 9250 രൂപ വരെ അക്കൗണ്ടിലേക്ക് എത്തും: ഇതാ പോസ്റ്റ് ഓഫീസിന്‍റെ സുരക്ഷിതമായ നിക്ഷേപ പദ്ധതി

ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസം തോറും പലിശ വരുമാനം ഉറപ്പാക്കുന്ന രീതിയാണിത്

മാസം 9250 രൂപ വരെ അക്കൗണ്ടിലേക്ക് എത്തും: ഇതാ പോസ്റ്റ് ഓഫീസിന്‍റെ സുരക്ഷിതമായ നിക്ഷേപ പദ്ധതി
dot image

കൊച്ചി: നിക്ഷേപത്തിന് ഉയർന്ന സുരക്ഷയും ഒപ്പം മാസം തോറും കൃത്യമായ ലാഭവിഹിതവും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മികച്ച അവസരമായി മാറുകയാണ് പോസ്റ്റ് ഓഫീസിന്‍റെ 'മന്ത്‌ലി ഇൻകം സ്കീം' (MIS). ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഭയക്കാതെ, കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷയിൽ അഞ്ച് വർഷത്തേക്ക് മാസം തോറും നിശ്ചിത തുക വരുമാനമായി നേടാൻ ഈ പദ്ധതി നിക്ഷേപകരെ സഹായിക്കുന്നു.

നിക്ഷേപ പരിധിയും ലാഭവിഹിതവും

ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസം തോറും പലിശ വരുമാനം ഉറപ്പാക്കുന്ന രീതിയാണിത്. വ്യക്തിഗത അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും ഈ പദ്ധതിയിൽ ചേരാം.

ജോയിന്റ് അക്കൗണ്ട്: പരമാവധി മൂന്ന് മുതിർന്നവർക്ക് ചേർന്ന് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാം. ഇതിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇത്തരത്തിൽ നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം 9250 രൂപ പലിശയായി ലഭിക്കും. അതായത് വർഷത്തിൽ 1.11 ലക്ഷം രൂപ വരുമാനം ഉറപ്പ്.

വ്യക്തിഗത അക്കൗണ്ട്: ഒരാൾക്ക് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതിലൂടെ മാസം 5,550 രൂപ ലഭിക്കും (പ്രതിവർഷം 66,600 രൂപ).

മറ്റ് പ്രത്യേകതകൾ

സുരക്ഷിതം: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾ നിക്ഷേപിച്ച തുക ഒട്ടും കുറയാതെ പൂർണ്ണമായി തിരികെ ലഭിക്കും.

പലിശ നിരക്ക്: നിലവിൽ 7.4% പലിശയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് നൽകുന്നത്.

യോഗ്യത: ഇന്ത്യൻ പൗരന്മാർക്ക് ഈ അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടിയും മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടിയും രക്ഷിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കും.

പണം ലഭിക്കുന്ന രീതി: പലിശ തുക എല്ലാ മാസവും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ നേരിട്ട് എത്തും. എന്നാൽ ഈ തുക കൃത്യസമയത്ത് പിൻവലിച്ചില്ലെങ്കിൽ അതിന്മേൽ പ്രത്യേക പലിശ ലഭിക്കില്ല.

കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ

അടിയന്തര സാഹചര്യങ്ങളിൽ നിക്ഷേപം പിൻവലിക്കാൻ സൗകര്യമുണ്ടെങ്കിലും ചില നിബന്ധനകളുണ്ട്. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് തുക പിൻവലിക്കാൻ സാധിക്കില്ല. 1 വർഷത്തിനും 3 വർഷത്തിനും ഇടയിലാണ് പിൻവലിക്കുന്നതെങ്കിൽ നിക്ഷേപിച്ച തുകയിൽ നിന്ന് 2% കുറയ്ക്കും. 3 വർഷത്തിന് ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ 1% തുക പിഴയായി ഈടാക്കും.

കൂടുതല്‍ ഗുണം ആർക്കൊക്കെ

വിരമിച്ച ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ, സ്ഥിരമായി ഒരു ചെറിയ വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർ എന്നിവർക്ക് ഈ പദ്ധതി ഏറെ അനുയോജ്യമാണ്. മ്യൂച്വൽ ഫണ്ടുകളെയോ ഓഹരികളെയോ അപേക്ഷിച്ച് റിസ്ക് തീരെയില്ല എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി കെവൈസി (KYC) രേഖകൾ നൽകി ആർക്കും ഈ സുരക്ഷിത നിക്ഷേപ പദ്ധതിയുടെ ഭാഗമാകാം.

Content Highlights: The Post Office Monthly Income Scheme (MIS) provides a fixed monthly income to investors, with returns reaching up to ₹9250 depending on the invested amount. It is a government-backed scheme designed for stable and low-risk income, making it suitable for individuals seeking regular monthly earnings from their savings.

dot image
To advertise here,contact us
dot image