

യുദ്ധക്കെടുതി മൂലം വലയുന്ന ഗാസയില്‍ യുഎഇയുടെ പിന്തുണയോടെ വീണ്ടും വിവാഹ മേളം. ഗാലന്റ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായി നടന്ന വിവാഹത്തില്‍ ഗാസയിലെ 300 യുവതീയുവാക്കളാണ് പുതിയ ജീവിതത്തിലേക്ക് കടന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഗാസയില്‍ സമൂഹ വിവാഹം നടത്തുന്നത്.
യുദ്ധത്തിന്റെ ദുരിതം പേറുന്ന ഗാസയിലെ ജനങ്ങളെ എല്ലാ രീതിയിലും ചേര്‍ത്ത് പിടിക്കുകയാണ് യുഎഇ. ഇസ്രയേല്‍ ആക്രമണത്തില്‍ സര്‍വവും നഷ്ടമായവരെ പുതിയജീവിത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു ഇത്തവണത്തെ ദൗത്യം. ജോയ് ഡ്രസ് എന്ന പേരില്‍ യുഎഇ ഗാസയില്‍ ഒരുക്കിയ സമൂഹ വിവാഹത്തില്‍ 300 യുവതീ യുവാക്കള്‍ പുതുജീവിതത്തിലേക്ക് കടന്നു. വെടിയൊച്ചകളും മിസൈലുകളുടെ പേടിപ്പെടുത്തുന്ന ശബ്ദങ്ങളും കേട്ട് മനസ് മരവിച്ച ഗാസയിലെ ജനങ്ങള്‍ വിവാഹ ചടങ്ങിനെ ആഘോഷമാക്കി.
പൂക്കള്‍ വിതറിയും നൃത്തം ചെയ്തും അവര്‍ വധൂവരന്മാരെ സ്വീകരിച്ചു. 20,000ത്തിലേറെ അതിഥികളാണ് ചടങ്ങിന് സാക്ഷികളായത്. ഒരിക്കലും തീരാത്ത വേദനകള്‍ സമ്മാനിച്ച യുദ്ധത്തിന്റെ ഓര്‍മകളില്‍ നിന്ന് അല്‍പ്പനേരമെങ്കിലും മുക്തരാകാന്‍ അവര്‍ക്ക് കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിവാഹം നടത്താനാകാതെ ബുദ്ധിമുട്ടിയിരുന്നവരെ കണ്ടെത്തിയാണ് വര്‍ണാഭമായ ചടങ്ങ് ഒരുക്കിയത്.
ഗാസയിലെ ജനങ്ങളെ പിന്തുണക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സമൂഹ വിവാഹം. ഇത് രണ്ടാം തവണയാണ് യുഎഇ ഖലീഫ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാസയില്‍ സമൂഹ വിവാഹം നടക്കുന്നത്. യുഎഇയുടെ 54-ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 54 യുവതീയുവാക്കളുടെ വിവാഹവും നേരത്തെ ഗാസയില്‍ നടന്നിരുന്നു.
Content Highlights: UAE has once again supported a mass wedding program in Gaza, helping 300 young men and women begin a new chapter in life through humanitarian and social assistance.