

കുവൈറ്റില്‍ ഇന്നലെ രാവിലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സിലും ഇസ്ലാമിക സഹകരണ സംഘടനയും. ഇറാഖില്‍ നിന്നെത്തിയ ഡ്രോണുകള്‍ കുവൈറ്റിന്റെ വടക്കന്‍ അതിര്‍ത്തി പോസ്റ്റുകള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജിസിസിയും ഒഐസിയും വ്യക്തമാക്കി. കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണ് ആക്രമണമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസെം അല്‍ബുദൈവി പ്രസ്താവനയില്‍ പറഞ്ഞു.
കുവൈറ്റിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതായി ഒഐസി ജനറല്‍ സെക്രട്ടറിയറ്റും വ്യക്തമാക്കി. ഇറാഖില്‍ നിന്നുണ്ടായ ഈ നീക്കം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയില്‍ പറഞ്ഞു. ഖത്തര്‍, ജോര്‍ദാന്‍ തുടങ്ങി വിവിധ രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രാലയങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
കുവൈറ്റിലെ രണ്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്ക് സമീപമാണ് ഇന്നലെ രാവിലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ പതിച്ചത്. ഫൈബര്‍ ഓപ്റ്റിക് വയറുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിന് പിന്നാലെ വളരെ വേഗം തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞു. ആക്രമത്തില്‍ മേഖലയില്‍ നാശനഷ്ടമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖില്‍ നിന്നാണ് ഡ്രോണുകള്‍ എത്തിയതെന്ന് ഔദ്യോഗിക വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഒതൈബി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ നീക്കത്തെ ക്രിമിനല്‍ ആക്രമണം' എന്നാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് വടക്കന്‍ മേഖലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് ആക്രമണത്തെയും നേരിടാന്‍ സായുധ സേന പൂര്‍ണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിന് പിന്നാലെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. വിവാഹാഘോങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന്ത്രങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കുവൈറ്റ് വ്യോമപാതയും ഇന്നലെ തുറന്നിരുന്നു.
Content Highlights: The Gulf Cooperation Council strongly condemned the drone attack in Kuwait, calling it a threat to regional security and stability. GCC reaffirmed support for Kuwait’s safety and sovereignty.