കുവൈറ്റിനെ ലക്ഷ്യമിട്ട് ഭീകരാക്രമണ ആസൂത്രണം; പദ്ധതി തകർത്ത് സുരക്ഷാ സേന

കുവൈറ്റ് തീവ്രവാദ വിരുദ്ധ വിഭാഗവും ഇന്റലിജന്‍സും നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകര സംഘത്തിന്റെ ഗൂഢാലോചന കണ്ടെത്താനായത്.

കുവൈറ്റിനെ ലക്ഷ്യമിട്ട് ഭീകരാക്രമണ ആസൂത്രണം; പദ്ധതി തകർത്ത് സുരക്ഷാ സേന
dot image

കുവൈറ്റില്‍ ഭരണാധികാരികളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹിസ്ബുള്ളയുമായി ബന്ധമുള്ള ഭീകരര്‍ ആസൂത്രണം ചെയ്ത വന്‍ ആക്രമണ പദ്ധതി സുരക്ഷാ സേന തകര്‍ത്തു. വിദേശികള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയും കൂടുതല്‍ ശക്തമാക്കി. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇല്ലായായ്മ ചെയ്യുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് തീവ്രവാദ വിരുദ്ധ വിഭാഗവും ഇന്റലിജന്‍സും നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകര സംഘത്തിന്റെ ഗൂഢാലോചന കണ്ടെത്താനായത്. പ്രധാന കേന്ദ്രങ്ങള്‍ക്കൊപ്പം ഭരണാധികാരികളെയും ലക്ഷ്യമിട്ടുള്ള വന്‍ ആക്രമണ പദ്ധതിയാണ് തീവ്രവാദ സംഘം ആസൂത്രണം ചെയ്തത്. അഞ്ച് കുവൈത്ത് സ്വദേശികളും പൗരത്വം റദ്ദാക്കപ്പെട്ട ഒരാളും ഉള്‍പ്പെടുന്ന സംഘത്തെ സുരക്ഷാ സേന അറസറ്റ് ചെയ്തു. വിദേശത്ത് താമസിച്ചിരുന്ന പതിനാല് പേരെയും അന്താരാഷ്ട്ര ഏജസികളുടെ സഹായത്തോടെ പിടികൂടി.

അറസ്റ്റിലായവര്‍ക്ക് അന്താരാഷ്ട്ര ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിദേശത്ത് നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഭീകരരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്.

അതിര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ സുരക്ഷയും കൂടുതല്‍ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെ ഉയരുന്ന ഏത് ഭീഷണിയെയും ഇല്ലായ്മ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹിസ്ബുള്ളയുമായി ബന്ധമുളള ഭീകര സംഘത്തെ അടുത്തിടെയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Kuwait security forces foil a major terror attack plan with timely intelligence. Authorities tighten security as investigation into the plot continues.

dot image
To advertise here,contact us
dot image