

സര്‍ട്ടിഫിക്കറ്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ സഹേല്‍ ആപ്പിലൂടെ ലഭിക്കുന്ന നോട്ടിഫിക്കേഷന്‍ അവഗണിക്കരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്വദേശികളും പ്രവാസികളും നിശ്ചിത സമയപരിധിക്കുള്ളില്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അപഡേറ്റ് ചെയ്യണം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവരെ കണ്ടെത്തുന്നതിനുള്ള നടപടി കൂടുതല്‍ ശക്തമാക്കിയതിന് പിന്നാലെയാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
കുവൈത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കുന്നതിനുള്ള നടപടിയുടെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. ഏകീകൃത സര്‍ക്കാര്‍ ആപ്പായ 'സഹേല്‍' വഴി ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ അനുസരിച്ചാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത്.
ഓരോ ജീവനക്കാരനും ലഭിക്കുന്ന നോട്ടിഫിക്കേഷനില്‍ കൃത്യമായ സമയപരിധി രേഖപ്പെടുത്തിയിരിക്കും. ഇത് ലംഘിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
ആപ്പിലെ അറിയിപ്പുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ രേഖകള്‍ അപ്ഡേറ്റ് ചെയ്യാനും എല്ലാവരും ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിർദ്ദേശിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗം സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനാ നടപടികളുടെ പുരോഗതി വിലയിരുത്തി. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനികള്‍ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുക, വിദ്യാഭ്യാസ യോഗ്യതകളുടെ കൃത്യത ഉറപ്പാക്കുക എന്നിവയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. യോഗ്യതകള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് തൊഴില്‍ ആനുകൂല്യങ്ങളെയും സാമ്പത്തിക ആനുകൂല്യങ്ങളെയും ബാധിക്കും. വിദേശത്ത് നിന്ന് ബിരുദം നേടിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും വിവരങ്ങള്‍ കൈമാറാനാകും.
Content Highlights: Kuwait's Civil Service Commission has warned citizens and residents to update their academic qualifications and certificates through the Sahel app to avoid any issues. This comes as part of the government's efforts to verify the accuracy and integrity of employee data