

കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി മുൻസിപ്പാലിറ്റി മന്ത്രാലയം. നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ വർധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന കടുപ്പിക്കുന്നത്.
കടകളുടെ ലൈസൻസ് പരസ്യ പെർമിറ്റ് എന്നിവയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിന്റെ ഭാഗമായി ഹവല്ലി ഗവർണറേറ്റിൽ വിപുലമായ പരിശോധനക്ക് മുൻസിപ്പാലിറ്റി തുടക്കം കുറിച്ചു. മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ ഓഡിറ്റ് ആൻഡ് മുനിസിപ്പൽ സർവീസസ് മോണിറ്ററിംഗ് വിഭാഗമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ട പരിശോനയിൽ 65ഓളം നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രവർത്തന രീതികളിലും പരസ്യ നിയന്ത്രണങ്ങളിലും ഉൾപ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങൾ വീഴ്ച വരുത്തിയതായി പരിശോധനയിൽ വ്യക്തമായി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും മുൻസിപ്പാലിറ്റി അറിയിച്ചു. ഏതാനും സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളിൽ പ്രവർത്തനം നിയമ വിധേയമാക്കിയില്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.
മുൻസിപ്പാലിറ്റി നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വരും ആഴ്ചകളിൽ എല്ലാ ഗവർണറേറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അറിയിക്കണമെന്ന് പൊതുജനങ്ങളോടും മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Content Highlights: Kuwait authorities have launched a drive to strengthen inspections at commercial establishments. The move aims to prevent legal and regulatory violations in the business sector. Inspection teams will conduct regular and surprise checks across markets and shops.