താമസ വിസ മാറ്റവും റദ്ദാക്കലും; നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കുവൈത്ത്

മക്കള്‍ വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ രാജ്യത്ത് തുടരാന്‍ പ്രത്യേക അനുമതി നല്‍കും

താമസ വിസ മാറ്റവും റദ്ദാക്കലും; നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കുവൈത്ത്
dot image

കുവൈത്തില്‍ താമസ വിസ മാറ്റുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച നിലവിലുള്ള നിയമങ്ങളില്‍ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ വ്യക്തത വരുത്തി. സ്‌പോണ്‍സറുടെ മരണം, നാടുകടത്തല്‍, വിസ കാലാവധി അവസാനിക്കല്‍ തുടങ്ങിയ വിവിധ സാഹചര്യങ്ങളിലുളള വിസ നടപടികളാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 17 അല്ലെങ്കില്‍ 18 പ്രകാരമുള്ള വിസയിലുള്ള ഒരു സ്‌പോണ്‍സര്‍ മരണപ്പെട്ടാല്‍, അദ്ദേഹത്തിന് കീഴിലുള്ളവര്‍ അതത് ഗവര്‍ണറേറ്റുകളിലെ റെസിഡന്‍സി വിഭാഗവുമായി ബന്ധപ്പെടണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഭാര്യക്ക് ജോലിയുണ്ടെങ്കിലോ അല്ലെങ്കില്‍ പുതിയ ജോലി ലഭിക്കുകയോ ചെയ്താല്‍ മക്കളുടെ വിസ അമ്മയുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും. എന്നാല്‍ കുടുംബനാഥന്‍ നാടുകടത്തപ്പെടുകയാണെങ്കില്‍, ഭാര്യക്ക് ജോലിയില്ലെങ്കില്‍ ഭാര്യയുടെയും മക്കളുടെയും വിസ റദ്ദാക്കപ്പെടും.

മക്കള്‍ വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ രാജ്യത്ത് തുടരാന്‍ പ്രത്യേക അനുമതി നല്‍കും. സ്‌പോണ്‍സര്‍ രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ വിസ കാലാവധി അവസാനിച്ചാലും സമാനമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കും. അമ്മയ്ക്ക് ജോലിയുണ്ടെങ്കില്‍ മക്കളെ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ അനുവാദമുണ്ടാകും. കുവൈത്ത് പൗരന്മാരെ വിവാഹം കഴിച്ച വിദേശി വനിതകള്‍ക്ക്, ഭര്‍ത്താവിന്റെ മരണശേഷമോ വിവാഹമോചനത്തിന് ശേഷമോ പ്രത്യേക പരിഗണനകള്‍ നല്‍കും. മക്കളില്ലാത്ത വിധവകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കില്‍ വിസ മാറ്റത്തിന് അനുമതിയുണ്ടാകും.

ഭര്‍ത്താവ് ഏതെങ്കിലും കേസില്‍ പെട്ട് ജയിലിലാകുകയും ഭാര്യക്ക് ജോലിയില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിസ പുതുക്കി നല്‍കില്ല. എന്നാല്‍ ജോലി ചെയ്യുന്നത് സ്ത്രീയാണെങ്കില്‍ മക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ അപേക്ഷിക്കാന്‍ കഴിയും. സ്‌പോണ്‍സര്‍ക്ക് മാനസിക വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യങ്ങളിലും കൃത്യമായ പരിശോധനകള്‍ക്ക് ശേഷം വിസ മാറ്റത്തിന് അനുമതി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ഓരോ കേസുകളും അതത് ഗവര്‍ണറേറ്റുകളിലെ റെസിഡന്‍സി വിഭാഗം പ്രത്യേകം പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

Content Highlights: Kuwait has brought more clarity to its residency visa regulations, including updates on visa changes and cancellations under the new law. The new law aims to streamline the process of residency permits, providing clearer guidelines for visa renewals and cancellations.

dot image
To advertise here,contact us
dot image