
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ മുന്നേറുകയാണ്. ഏറെ നാളിന് ശേഷം ആരാധകർ കാണാൻ ആഗ്രഹിച്ച മോഹൻലാലിനെ കിട്ടിയ സന്തോഷത്തിലാണ് പ്രേക്ഷകർ. ഇമോഷനും ഫൈറ്റും കോമഡിയും എല്ലാം ആ നടനിൽ വീണ്ടും കാണാൻ കഴിഞ്ഞതിൽ തരുൺ മൂർത്തിയോട് ആരാധകർ നന്ദിയും അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിൻറെ ഫൈറ്റ് സീനിൽ, ഉയര്‍ന്ന് ചാടി വരുന്ന മോഹൻലിന്റെ ദൃശ്യം
സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ്.
1987 ൽ കെ മധുവിന്‍റെ സംവിധാനത്തിൽ റിലീസ് ചെയ്ത ഇരുപത്താം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഒരു രംഗത്തോട് ചേർത്തുവെച്ചാണ് ഈ ചിത്രം സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. സമാനമായി ചിത്രത്തിലും കോണിപ്പടിയിൽ നിന്ന് ഇത്തരം ഒരു ചാട്ടം മോഹൻലാൽ ചെയ്യുന്നുണ്ട്. 38 വർഷത്തെ ഗ്യാപ്പാണ് ഈ രണ്ടു ചിത്രങ്ങളും തമ്മിൽ ഉള്ളത്. കാലം ഇത്രയും കഴിഞ്ഞിട്ടും മോഹൻലാൽ എന്ന നടനിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. അനായാസമായാണ്
മോഹൻലാല്‍ ഓരോ ഡാൻസും ഫൈറ്റും ചെയ്യുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതൊന്നും ലാലേട്ടന് പുത്തരി അല്ലെന്നും ഫാൻസ് പറയുന്നുണ്ട്. ഇന്ന് ഒരു ചാട്ടം ചാടിയിട്ട് അതുപോലെ അഞ്ച് വർഷം കഴിഞ്ഞു ചെയ്യാൻ പറഞ്ഞാൽ നമുക്ക് സാധിക്കുമോ, എന്നാൽ ലാലേട്ടന് പറ്റും എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
#IrupathamNoottandu (1987)#Thudarum (2025)
— AB George (@AbGeorge_) May 2, 2025
38 Years gap b/w these 2 pics 😯❤️🔥
അന്നും ഇന്നും മോഹൻലാൽ തുടരും... pic.twitter.com/yhN7np0dWN
ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Mohanlal still viral, no change after 38 years