

ഐപിഎൽ സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു ചെന്നൈ സൂപ്പർ കിംഗ്‌സും സൺ ടിവിയും തമ്മിലുള്ള നിയമപോരട്ടം. സൂപ്പർ താരം രജനീകാന്തിന്‍റെ സിനിമകളിലെ ഗാനങ്ങൾ പ്രൊമോഷണൽ വീഡിയോകളിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സി എസ് കെ യ്ക്കെതിരെ സൺ ടിവി കേസ് ഫയൽ ചെയ്തത്.
സൺ ടിവി ഫയൽ ചെയ്ത 1 കോടി രൂപയുടെ മാനനഷ്ടക്കേസിനെത്തുടർന്ന്, വിവാദമായ വീഡിയോകൾ സിഎസ്‌കെ നീക്കം ചെയ്തു. സൺ റൈസേഴ്സ് ഹൈദരാബാദ് ഉടമകളായ സൺ ടിവി നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിലാണ് സിഎസ്‌കെക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസ് നൽകിയത്.
രജനീകാന്ത് ചിത്രങ്ങളായ 'ജയിലർ', 'ജയിലർ 2', 'കൂലി' എന്നിവയിലെ ഗാനങ്ങൾ അനുമതിയില്ലാതെ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ജേഴ്‌സി വിൽപന പ്രൊമോകളിലും ഉപയോഗിച്ചു എന്നാണ് സൺ പിക്ചേഴ്സിന്‍റെ വാദം. ഈ സിനിമകളുടെ പകർപ്പവകാശം സൺ ടിവിക്കാണെന്നിരിക്കെ, ഇത് വാണിജ്യപരമായ ലാഭത്തിന് വേണ്ടി സിഎസ്‌കെ ദുരുപയോഗം ചെയ്തുവെന്ന് കോടതിയിൽ ബോധിപ്പിച്ചു.
കോടതി നടപടികളെത്തുടർന്ന് സിഎസ്‌കെ അധികൃതർ സത്യവാങ്മൂലം സമർപ്പിച്ചു. വിവാദമായ എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. ഇനിമുതൽ കൃത്യമായ ലൈസൻസ് ഇല്ലാതെ സൺ പിക്ചേഴ്സിന്റെ ഗാനങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകി. എന്നാൽ, തങ്ങൾ ഡിലീറ്റ് ചെയ്ത വീഡിയോകൾ ആരാധകരോ മറ്റ് മൂന്നാം കക്ഷികളോ വീണ്ടും പങ്കുവെച്ചാൽ അതിൽ ഉത്തരവാദിത്തമുണ്ടാവില്ലെന്നും സിഎസ്‌കെ വ്യക്തമാക്കി.
Content Highlights: sun tv vs csk copyright case rajinikanth songs removed